
പല രാജ്യങ്ങളിലും മക്കള്‍ വളര്‍ന്നു കഴിഞ്ഞാല്‍ മാതാപിതാക്കളുടെ അരികത്തു നിന്നും വളരെ അധികം അകല്‍ച്ച കാണിയ്ക്കാറുണ്ട്. വേറൊന്നുമല്ല കാരണം ചെറുപ്പത്തില്‍ തന്നെ സ്വതന്ത്ര്യമായി വളരാന്‍ കുട്ടികളെ പഠിപ്പിയ്ക്കുന്നു. പല വിദേശ രാജ്യങ്ങളിലും പഠനത്തോടൊപ്പം തന്നെ ജോലിയും ചെയ്യാറുണ്ട്. എന്നാല്‍ പല ജോലി തിരക്കുകള്‍ കാരണം മക്കള്‍ക്ക അവരുടെ മാതാപിതാക്കളെ ഒന്നു കാണാന്‍ പോലും സമയം ഉണ്ടാവാറില്ല. ഇവിടെ ഒരു യുവതി ഒരു മുഴുവന്‍ സമയ മകളായി തന്റെ അമ്മയ്ക്കും അച്ഛനും ഒപ്പം നില്‍ക്കുന്നതിന് വേണ്ടി നല്ല വരുമാനം ഉള്ള ജോലി ഉപേക്ഷിച്ചു. എന്ത് നല്ല മകള്‍ എന്നു ചിന്തിക്കേണ്ട. ഇങ്ങനെ മുഴുവന്‍ സമയ മകളായി നില്‍ക്കുന്നതിന് മാതാപിതാക്കള്‍ അവള്‍ക്ക് മാസം 46,000 രൂപയും നല്‍കുന്നുണ്ട്.
ചൈനയിലാണ് സംഭവം. കഴിഞ്ഞ 15 വര്‍ഷങ്ങളായി നിയാനന് എന്ന 40-കാരി ഒരു ന്യൂസ് ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍ ഈ ജോലി അവളെ മാനസികമായും, ശാരീരികമായും സമ്മര്‍ദ്ദത്തിലാക്കുകയും തളര്‍ത്തുകയും ചെയ്തു. ജോലി അവള്‍ക്ക് മടുത്തു. അങ്ങനെ മാതാപിതാക്കള്‍ അവളോട് ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞു. സാമ്പത്തികമായി തങ്ങള്‍ അവളെ സഹായിക്കാം എന്നും മാതാപിതാക്കള്‍ അവള്‍ക്ക് ഉറപ്പ് നല്കി.
അതിന്റെ ഭാഗമായി എല്ലാ മാസവും അവള്‍ക്ക് തങ്ങളുടെ റിട്ടയര്‍മെന്റ് അലവന്‍സില്‍ നിന്നും ഏകദേശം 46,000 രൂപ നല്‍കാമെന്നും മാതാപിതാക്കള്‍ ഉറപ്പ് നല്കി. അങ്ങനെ നിയാനന് തന്റെ ന്യൂസ് ഏജന്‍സിയിലെ ജോലി രാജി വയ്ക്കുകയും മുഴുവന്‍ സമയവും മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിക്കാനും തീരുമാനിച്ചു. തന്റെ ഈ പുതിയ ജോലി നിറയെ സ്നേഹം നിറഞ്ഞതാണ് എന്നാണ് അവള് പറയുന്നത്.
അതേ സമയം ഈ ജീവിതത്തില്‍ സന്തോഷം ഉണ്ടെങ്കിലും ചിലപ്പോള്‍ കൂടുതല്‍ പണം വേണമെന്ന തോന്നലുണ്ടാകുമെന്നും നിയാനന് പറയുന്നു. അതേ സമയം മകള്‍ക്ക് യോജിക്കുന്ന എന്ന് തോന്നുന്ന ഒരു ജോലി കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും അതിന് പോകാമെന്നും അതുവരെ തങ്ങളോടൊപ്പം സമയം ചെലവഴിക്കൂ എന്നുമാണ് അവളുടെ മാതാപിതാക്കള്‍ പറയുന്നത്.
ജോലി സമ്മര്‍ദ്ദവും, ജോലി കിട്ടാതിരിക്കലും അങ്ങനെ പലവിധ കാരണങ്ങളാല്‍ ഇപ്പോള്‍ നിരവധി ആളുകള്‍ തങ്ങളുടെ മാതാപിതാക്കളുടെ ചെലവില്‍ കഴിയുന്നുണ്ട്. ഈ ട്രെന്‍ഡ് കൂടി വരികയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം തന്നെ ഇതിനെ പിന്തുണക്കുന്നവരും വിമര്‍ശിക്കുന്നവരും അനേകമുണ്ട്.






