
ഐപിഎല്‍ മാതൃകയില്‍ അമേരിക്കയില്‍ തുടങ്ങാന്‍ പോകുന്ന മേജര്‍ലീഗ് ക്രിക്കറ്റില്‍ ജേസണ്‍ റോയിയെ കരാറാക്കി കിംഗ് ഖാന് ഷാരൂഖിന്റെ നൈറ്റ് റൈഡേഴ്സ്. അമേരിക്കയില്‍ ആദ്യമായി തുടങ്ങുന്ന ടി20 ക്രിക്കറ്റ് ലീഗില്‍ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്സിനൊപ്പം ജേസണ്‍ റോയി കളിക്കും. അമേരിക്കയില്‍ നടക്കാന്‍ പോകുന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ താരം ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ തള്ളി.
ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ഷിക കരാറില്‍ നല്കുന്ന തുകയുടെ അനേകം മടങ്ങ് പണം പ്രതിഫലമായി ഷാരൂഖിന്റെ കെ.കെ.ആര്. മുമ്പോട്ട് വെച്ചതോടെ ജേസണ്റോയ് ഇംഗ്ളണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ ടെര്‍മിനേറ്റ് ചെയ്യാന്‍ സമ്മതിച്ചു. 3.68 കോടി രൂപയാണ് രണ്ടുസീസണില്‍ കളിക്കുന്നതിന് എല്‍എ നൈറ്റ് റൈഡേഴ്സ് ജേസണ്‍ നല്‍കുക. ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക കരാര്‍ വെറും 66,000 പൗണ്ടിന്റേതാണ്. ഇതാകട്ടെ ഏകദേശം 67 ലക്ഷം രൂപ മാത്രമേ വരൂ.
ജൂലൈ 13 മുതല്‍ 30 വരെ ടെക്സാസിലെ ഗ്രാന്റ് പ്രെയറി സ്റ്റേഡിയത്തിലാണ് മേജര്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നത്. അതേസമയം എംഎല്‍സി യില്‍ കളിക്കുന്ന താരങ്ങള്‍ക്ക് എന്‍ഒസി നല്കാന് ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കമല്ല. അതുകൊണ്ടു തന്നെ ജേസണ്റോയിയ്ക്ക് ഇ.സി.ബി.യുടെ കരാര്‍ ഒഴിവാക്കേണ്ടി വരും. ഏതു കരാര്‍ എടുക്കണമെന്ന് കളിക്കാര്‍ക്ക് തീരുമാനം എടുക്കാമെന്നാണ് അവരുടെ നിലപാട്.
താരത്തിന്റെ രാജ്യസ്നേഹത്തെക്കുറിച്ചുള്ള ആക്ഷേപവും തലപൊക്കുന്നുണ്ട്. ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ് ഒരു വര്‍ഷം നല്‍കുന്നതിന്റെ ഇരട്ടിത്തുക ജേസണ്‍ റോയിയ്ക്ക് കിട്ടുമെന്നത് മൂന് നായകന് മൈക്കല്‍ വോണ്‍ ചൂണ്ടിക്കാട്ടി. ഐപിഎല്ലിലെ ഈ സീസണില്‍ ജേസണ്റോയി കളിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയായിരുന്നു. ഇതോടെയാണ് എംഎല്സിയിലേക്കും താരവുമായി ക്ലബ്ബ് ചര്‍ച്ച നടത്തിയത്.




