
ദുബായ് സ്വദേശിയായ ലിന്‍ഡ ആന്‍ഡ്രേഡ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ആണിപ്പോള്‍ വൈറല്‍ ആകുന്നത്. ഒന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. താന്‍ ജീവിക്കുന്ന ആഡംബരപൂര്‍ണമായ ചുറ്റുപാടുകളെ കുറിച്ചുള്ള വീഡിയോകള്‍ പങ്കുവച്ചുകൊണ്ടാണ് ലിന്‍ഡ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്.
ലിന്‍ഡ തന്റെ വീഡിയോയിലൂടെ തന്റെ ആഡംബരം നിറഞ്ഞ താമസം, യാത്രകള്‍, ഷോപ്പിഗ്, ഭക്ഷണം എന്നിങ്ങനെ പലതും പങ്കുവയ്ക്കാറുണ്ട്. ഇതുപോലെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ചൊരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
'ഒരു കോടീശ്വരന്റെ ഭാര്യയായി ജീവിക്കുമ്പോഴുള്ള കഷ്ടപ്പാടുകള്‍' എന്നാണ് വീഡിയോയുടെ ഉള്ളടക്കം. കയ്യിലുള്ളതെല്ലാം തന്നെയും വില കൂടിയ ആഭരണങ്ങളായിരിക്കും അതുകൊണ്ടു തന്നെ പിടിച്ചുപറിയോ കവര്‍ച്ചയോ ഭയപ്പെടണം, ഒരുപാട് നല്ല ഭക്ഷണം വാങ്ങാന്‍ സാധിയ്ക്കുന്നതിനാലും, വിവിധങ്ങളായ ഭക്ഷണങ്ങള്‍ ഉള്ളതിനാലും അവയില്‍ നിന്ന് 'സെലക്ട്' ചെയ്യാന്‍ നന്നേ പാടാണ്. പിന്നെ ഫുഡ് ഒരു ഷോ ആയി മാറുന്ന കാഴ്ചയും പതിവ്, മറ്റ് സ്ത്രീകള്‍ക്ക് തന്റെ ഭര്‍ത്താവിനെ വേണമെന്ന് തോന്നും, കാണാന്‍ എപ്പോഴും പത്തില്‍ പത്ത് എന്ന നിലയില്‍ നടക്കണം, എപ്പോഴും ഭര്‍ത്താവ് ഒരുപാട് സാധനങ്ങള്‍ വാങ്ങി സമ്മാനിച്ചുകൊണ്ടിരിക്കും, എപ്പോഴും യാത്രയിലായിരിക്കും- ഇതുകൊണ്ട് താന്‍ തളര്‍ന്നു, തന്നെ ഒരിക്കലും ഡ്രൈവ് ചെയ്യാന്‍ സമ്മതിക്കില്ല... ഇതൊക്കെയാണ് യുവതി വീഡിയോയില്‍ പറയുന്ന 'കഷ്ടപ്പാടുകള്‍'.
ഇതെല്ലാം 'അല്പത്തരം' ആണെന്ന രീതിയിലുള്ള പരിഹാസങ്ങളാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ഇട്ടിരിയ്ക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. ഒരു നേരത്തെ ആഹാരത്തിന് പോലും കഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്, അതൊന്നും നോക്കാതെ തന്റെ ആഡംബരജീവിതത്തെ കുറിച്ച് ഇങ്ങനെ പങ്കുവച്ചുകൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ട് ഇവരെ വിമര്‍ശിയ്ക്കുന്നവരും ധാരാളം ആണ്.
കോടീശ്വരനായ ഭര്‍ത്താവ് ഉണ്ടെങ്കിലുള്ള ഗുണങ്ങള്‍ എന്നൊരു വീഡിയോയും ഇതിനു മുന്‍പ് ഇവര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ യാത്രയും, പുറത്തുപോയി കഴിക്കുന്നതും, സമ്മാനങ്ങളുമെല്ലാം ഭാഗ്യമായാണ് പ്രതിപാദിപ്പിക്കുന്നത്.






