
തൈര് നിരവധി പോഷകങ്ങളുടെ ഉറവിടമാണ്. കാല്‍സ്യം, വിറ്റാമിന്‍ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. പ്രോബയോട്ടിക്സിന്റെ ഏറ്റവും സമ്പന്നമായ ഉറവിടം തൈരാണെന്ന് പോഷകാഹാര വിദഗ്ധന്‍ പറയുന്നു. ദിവസവും ഉച്ച ഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്‍പ്പം തൈര് കഴിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുണ്ട്. തൈര് ഫേസ്പാക്കായും ഉപയോഗിക്കാവുന്നതാണ്.
മികച്ച പ്രോബയോട്ടിക് ആണ് തൈര്. നല്ലതും ഗുണം ചെയ്യുന്നതുമായ ബാക്ടീരിയകള്‍ കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വീക്കം സംഭവിച്ച ദഹനവ്യവസ്ഥയെ ശമിപ്പിക്കുന്നതിനും വയറുവേദനയെ ചികിത്സിക്കുന്നതിനും ഫലപ്രദമാണ്. തൈര് കൊളസ്ട്രോളിന്റെ അളവ് സന്തുലിതമാക്കി ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.
തൈരില്‍ കാല്‍സ്യം, ടൈപ്റ്റോഫാന്, വിറ്റാമിന്‍ ബി 5, ബി 12, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കമില്ലായ്മ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഭക്ഷണമായി തൈരിനെ മാറ്റുന്നു.
എല്ലുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാല്‍സ്യം. യുഎസ്ഡിഎ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 250 ഗ്രാം തൈരില്‍ ഏകദേശം 275 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട് ഇത് തൈരിനെ കാല്‍സ്യത്തിന്റെ സമ്പന്നമായ ഉറവിടമാക്കുന്നു. കാത്സ്യം എല്ലുകളെ ദൃഢമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അത് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. എല്ലുകള്‍ക്ക് ഉണ്ടാവുന്ന രോഗങ്ങളും ഇതിലൂടെ തടയാന്‍ കഴിയും.






