
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭ്യമാകുന്നതിനായി ഏത് തന്ത്രവും പരീക്ഷിക്കുന്നവരാണ് കച്ചവടക്കാര്‍. എന്നാല്‍ സാധാരണ രീതിയിലുള്ള തന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു തന്ത്രം മുന്നോട്ട് വച്ചിരിക്കുകയാണ് ഇവിടെ ഒരു കമ്പനി. തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള ഒരു പിസ ശൃംഖല ഉപഭോക്താക്കള്‍ക്ക് അസാധാരണമായ ഒരു ഓഫര്‍ ആണ് നല്‍കിയിരിക്കുന്നത്. പിസ കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കയ്യില്‍ പണമില്ല എന്നു കരുതി ആ ആഗ്രഹം വേണ്ടെന്നു വയ്ക്കേണ്ട. കാരണം പിസ ഇപ്പോള്‍ കഴിച്ചാലും പണം മരണശേഷം തന്നാല്‍ മതി എന്നതാണ് കമ്പനിയുടെ വാഗ്ദാനം.
ഇത് കേള്‍ക്കുമ്പോള്‍ ഏറെ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. ന്യൂസിലാന്‍ഡിലെ ഹെല് പിസ ശൃംഖലയാണ് ഇത്തരത്തില്‍ ഒരു വേറിട്ട വാഗ്ദാനം ഉപഭോക്താക്കള്‍ക്കായി നല്‍കിയിരിക്കുന്നത്.ആവശ്യമുള്ള സാധനങ്ങള്‍ ഇപ്പോള്‍ വാങ്ങി പണം പിന്നീട് ഈടാക്കുന്ന രീതിയിലുള്ള കച്ചവടങ്ങള്‍ ഇന്ന് ന്യൂസിലാന്‍ഡിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ സജീവമാണ്. എങ്കിലും മരണശേഷം പണം മതി എന്ന ഒരു വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത് ഇത് ആദ്യമാണ്.
ന്യൂസിലാന്‍ഡില്‍ ഇപ്പോള്‍ സജീവമായുള്ള 'ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണം നല്‍കൂ' എന്ന് പദ്ധതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആഫ്റ്റര്‍ ലൈഫ് പേ എന്ന പേരില്‍ ഒരു പദ്ധതി ഹെല് പിസ ആവിഷ്കരിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡില്‍ നിന്നുള്ള 666 ഉപഭോക്താക്കളെയും ഓസ്ട്രേലിയയില്‍ നിന്നുള്ള 666 ഉപഭോക്താക്കളെയും ആണ് ആഫ്റ്റര്‍ലൈഫ് പേ പ്രോഗ്രാമിനായി തിരഞ്ഞെടുക്കുന്നത് എന്ന് ഹെല് പിസ്സ കമ്പനി അധികൃതര്‍ അറിയിച്ചു.
ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ ആളുകള്‍ കമ്പനിയുമായി നിയമസാധ്യതയുള്ള ഒരു കരാറില്‍ ഏര്‍പ്പെടണം. മരണശേഷം ഇവര്‍ കഴിച്ച പിസയുടെ പണം ഈടാക്കാന്‍ കമ്പനിക്ക് അധികാരം നല്കി കൊണ്ടുള്ളതാണ് ഈ കരാര്‍. കരാറില്‍ പറയുന്ന പ്രകാരമല്ലാതെ മറ്റൊരു തരത്തിലുള്ള ചാര്‍ജ്ജും തങ്ങള്‍ ഈടാക്കില്ലന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.






