
സൗഹൃദം ഈ ലോകത്തിലെ ഏറ്റവും വിലപ്പെട്ടതെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. കാന്‍സറിനോട് പോരാടിക്കൊണ്ടിരിക്കുന്ന തങ്ങളുടെ സുഹൃത്തിനൊപ്പം നില്ക്കാന് വേണ്ടി മുടി കളഞ്ഞ് എത്തിയിരിക്കുന്ന സുഹൃത്തുക്കളെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. വീഡിയോയില്‍ ഒരു പെണ്‍കുട്ടി തന്റെ വീട്ടില്‍ നില്ക്കുന്നതും പിന്നീട് അപ്രതീക്ഷിതമായി തല മൊട്ടയടിച്ച് കടന്നുവന്ന തന്റെ സുഹൃത്തുക്കളെ കണ്ട് കരയുന്നതും കാണാം.
ട്വിറ്റര്‍ ഹാന്‍ഡിലില്‍ 'ഗുഡ് ന്യൂസ് മൂവ്മെന്റ്' ആണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്, വീഡിയോയുടെ അടിക്കുറിപ്പില്‍ 'ആരും തനിച്ച് പോരാടുന്നില്ല. കാന്‍സറിനെതിരെ പോരാടുന്ന പെണ്‍കുട്ടിയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി തല മൊട്ടയടിച്ച ശേഷം അവളുടെ വീട്ടിലേക്ക് സുഹൃത്തുക്കളെത്തുന്നു. അതവളെ അത്ഭുതപ്പെടുത്തി. സുഹൃത്തുക്കളുണ്ട് എങ്കില്‍, നിങ്ങള്‍ക്ക് എല്ലാമുണ്ട്' എന്നാണ് എഴുതിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അടുത്തേക്ക് തല മൊട്ടയടിച്ചെത്തിയ സുഹൃത്തുക്കളെത്തുമ്പോള് ഒരേ സമയം തന്നെ അവള് ചിരിക്കുന്നതും കരയുന്നതും കാണാം. സുഹൃത്തുക്കളും വിടര്‍ന്ന മുഖത്തോടും ഒത്തിരി സ്നേഹത്തോടും കൂടിയാണ് അവളെ സമീപിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേരാണ് കണ്ടതും ഷെയര്‍ ചെയ്തതും. എത്രയും വേഗം പെണ്‍കുട്ടിക്ക് കാന്‍സറിനെ അതിജീവിക്കാന്‍ സാധിക്കട്ടെയെന്നും, സൗഹൃദങ്ങളാണ് ജീവിതത്തിലെ യഥാര്‍ത്ഥ ഭാഗ്യമെന്നുമാണ് പലരും കമന്റ് ചെയ്തത്.






