
തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിയ്ക്കാന്‍ കൊതിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. അതുപോലെ സ്വപ്ന സാക്ഷാത്കാരത്തിനായി നാടും വീടും ഒക്കെ ഉപേക്ഷിച്ച് ഒരു കാറിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സ്റ്റെഫാനി എന്ന യുവതി. ലിറ്റില്‍ ഹിപ്പി ഗേള്‍ എന്ന പേരിലാണ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ഇവര്‍ അറിയപ്പെടുന്നത്. ചെറുപ്പം മുതല്‍ തന്നെ തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒപ്പം താമസിക്കുന്നതും ഒരുപാട് യാത്ര ചെയ്യുന്നതുമാണ് സ്റ്റെഫാനിയുടെ ആഗ്രഹം.
പ്രിയപ്പെട്ട വളര്‍ത്തു പൂച്ചയായ ഫിന്‍ലിക്കും നായ സ്നോയ്ക്കുമൊപ്പം സന്തോഷകരമായി ജീവിക്കുന്നതിനു വേണ്ടിയാണ് നാടും വീടും ഉപേക്ഷിച്ച് കാറിലേക്ക് താമസം മാറ്റിയത്. ഒരു ടെസ്ല കാറിലാണ് മൂവരുടെയും താമസം. കാറിനുള്ളില്‍ തനിക്കും തന്റെ പ്രിയപ്പെട്ട ഫിന്‍ലിക്കും സ്നോയ്ക്കും താമസിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍, മൂന്നുപേര്‍ക്കും കിടക്കാന്‍ ആവശ്യമായ കിടക്ക, ഭക്ഷണസാധനങ്ങള്‍, കുടിവെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് കാറിനുള്ളില്‍ ഉള്ളത്.
അപ്പാര്‍ട്ട്മെന്റുകളിലും, വീടുകളിലുമൊക്കെ താമസിച്ച് വാടക കൊടുക്കുന്നതിനു പകരം ആ പണം തങ്ങളുടെ യാത്രയ്ക്കായി ഉപയോഗിക്കാം എന്നുമാണ് സ്റ്റെഫാനിയുടെ തീരുമാനം. പരമാവധി യാത്രകള്‍ ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് സ്റ്റെഫാനി പറയുന്നത്.






