
ഇന്നത്തെ ലോകത്ത് ജീവിക്കാനായി ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്നത് നഗരങ്ങളാണ്. ജോലി, വിദ്യാഭ്യാസം, ആവശ്യ വസ്തുക്കളുടെ ലഭ്യത ഇവയൊക്കെകൊണ്ടാകണം പലരും ഗ്രാമത്തിന്റെ മനോഹാരിത ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറിയത്. എന്നാല്‍ ഇതിനെല്ലാം ഇടയിലും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന് വേണ്ടി നഗരം ഉപേക്ഷിച്ച് പോകുന്നവര്‍ ഇന്ന് ഒരുപാടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയുള്ള ഓഫീസ് ജോലി. നഗരത്തിലെ ഗതാഗതക്കുരുക്ക്, തിരക്ക്, പൊടി എന്നിവയെല്ലാം ഒഴിവാക്കാനും കുറച്ച് ശാന്തമായ ജീവിതം ജീവിക്കാനും വേണ്ടിയാണ് ഇവര്‍ അങ്ങനെ ചെയ്യുന്നത്. ഇതിന് ഉദാഹരണമാണ് 27 -കാരനായ ഗയ് എര്ലാച്ചര് ഡൗണിംഗും 29 -കാരിയായ ഭാര്യ വിക്കിയും. ഇരുവരും കുടുംബമായി പ്രകൃതി ജീവിതം തിരഞ്ഞെടുത്തിരിക്കുകയാണ്.
ടോട്ട്നസ് നഗരത്തോട് വിട പറഞ്ഞ ഇവര്‍ ഇപ്പോള്‍ 44 ഏക്കര്‍ സ്ഥലത്തിന് നടുവിലുള്ള ഒരു മരത്തിന്റെ കാബിനിലാണ് താമസം. ഇവരെ കൂടാതെ നഗരജീവിതം ഉപേക്ഷിച്ച് വന്ന മറ്റ് ഏഴ് കുടുംബങ്ങള്‍ കൂടി ഇവിടെയുണ്ട്. പ്രകൃതിയോട് ഇണങ്ങി തിരക്കും അല്ലലുമില്ലാത്ത ശാന്തമായ ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെ എത്തിച്ചേര്‍ന്നവരാണ് ഈ കുടുംബങ്ങള്‍ എല്ലാം തന്നെ. സ്വന്തമായി കൃഷി ചെയ്താണ് ഇവരെല്ലാം തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്നത്. കൂടാതെ ഇത്തരം ജോലികളിലും വീട്ടുജോലികളിലും എല്ലാം എല്ലാവരും പരസ്പരം സഹായിക്കുന്നു. അതുപോലെ എല്ലാവരും എല്ലാവരുടെ കുട്ടികളെയും ശ്രദ്ധിക്കുകയും പരിചരിക്കുകയും ഒക്കെ ചെയ്യുന്നു. ശരിക്കും ഒരു പഴയകാല കൂട്ടുകുടുംബം പോലെയാണ് ഇവരെല്ലാം ഇവിടെ കഴിയുന്നത്.
മുന്‍പ് വെയിറ്റര്‍ ആയി ജോലിചെയ്തിരുന്ന ഗയ് ഇപ്പോള്‍ ഒരു ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്നു. വിക്കി ഒരു അപ്ലൈഡ് സോഷ്യല്‍ സയന്‍സ് ഗവേഷകയാണ്. കാലാവസ്ഥാ വ്യതിയാനത്തെയും മാനസികാരോഗ്യത്തെയും കുറിച്ച് പിഎച്ച്ഡി ചെയ്യുകയാണ് അവള്. തങ്ങളുടെ സമയം കമ്മ്യൂണിറ്റി ലിവിങ്ങിനിടെ ഭക്ഷണത്തിനുള്ളവ നട്ടുവളര്‍ത്താനും സ്ഥലം വൃത്തിയാക്കാനും ഒക്കെ വേണ്ടി ഇരുവരും ഉപയോഗിക്കുന്നു. ഈ ശാന്തവും ഒറ്റപ്പെട്ടതുമായ ജീവിതം മനോഹരമാണ് എന്നും നഗരത്തിന്റെ തിരക്കുകളുള്ള ആ ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരികെ പോകാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നുമാണ് ഇവര്‍ പറയുന്നത്.






