
വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയുമെല്ലാം തൊഴിച്ചു പിന്നിലാക്കി താന്‍ ബി ടൗണിലെ പ്രതിഭയുള്ള നടിമാരില്‍ ഒരാളാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് യുവനടി ഉര്‍വ്വശി റൗട്ടേല. 2015 ല്‍ സുന്ദരിപ്പട്ടമേറിയ താരം താന്‍ വെറും സുന്ദരമുഖം മാത്രമല്ല വൈവിദ്ധ്യ പ്രതിഭകളുള്ള, തന്റെ സമകാലീനര്‍ക്ക് ശക്തമായ മത്സരം നല്കാന് കെല്‍പ്പുള്ള നടിയാണെന്നും തെളിയിക്കുകയാണ്.
ഹിന്ദിയ്ക്ക് പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലും അഭിനയിച്ചു കഴിഞ്ഞിരിക്കുന്ന വളരെ കുറച്ച് നടിമാരുടെ പട്ടികയിലാണ് ഉര്‍വ്വശി. എന്തായാലും ഇപ്പോള്‍ താരം മുംബൈയില്‍ 190 കോടിയുടെ ബംഗ്ളാവിലാണ് താമസിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിശാലമായ പൂന്തോട്ടവും സ്വകാര്യ ജിമ്മുമൊക്കെയുള്ള വിസ്മയിപ്പിക്കുന്ന ഈ ബംഗ്ളാവ് ബോളിവുഡിലെ വന്‍കിട നിര്‍മ്മാതാവ് യാശ് ചോപ്രയുടെ വീടിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.
നാല് നിലകളുള്ള അതിശയകരമായ ബംഗ്ലാവ് ആധുനിക സൗകര്യങ്ങളുടെയും കാലാതീതമായ ചാരുതയുടെയും സമ്പൂര്‍ണ്ണ സംയോജനമാണ്. 1994 ഫെബ്രുവരിയില്‍ ജനിച്ച ഉര്‍വശി, 2013-ല്‍ പുറത്തിറങ്ങിയ സിംഗ് സാബ് ദ ഗ്രേറ്റ് എന്ന സിനിമയില്‍ ആക്ഷന്‍ താരം സണ്ണി ഡിയോളിനൊപ്പമാണ് അരങ്ങേറിയത്. അതിന് ശേഷം സനം രേ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹേറ്റ് സ്റ്റോറി 4, പഗല്‍പന്തി തുടങ്ങിയ ശ്രദ്ധേയമായ ചില ചിത്രങ്ങളില്‍ എത്തിയ ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
വില്‍സ് ലൈഫ്സ്റ്റൈല്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍ തന്റെ ആദ്യത്തെ പ്രധാന ബ്രേക്ക് ലഭിക്കുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു, 2009 ല്‍ മിസ് ടീന്‍ ഇന്ത്യ പട്ടവും നേടി. 2011-ല്‍ ഇന്ത്യന്‍ പ്രിന്‍സസ് 2011-ലും മിസ് ഏഷ്യന്‍ സൂപ്പര്‍ മോഡലുമായി. മിസ് ടൂറിസം ക്യൂന്‍ ഓഫ് ദ ഇയര്‍ പട്ടവും അവര്‍ നേടി. ബോളിവുഡില്‍ ആരാധകരെ നേടിയ താരം നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. റെനാറ്റ ഫോണ്ടെ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മിഷേല്‍ മോറോണിനൊപ്പമാണ് എത്തുന്നത്.






