
മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന് എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ഉടമയായിരിക്കുകയാണ് കുഞ്ചാക്കോ ബോബന്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമായ ഏകദേശം 1.35 കോടി രൂപ വിലയുള്ള ഐതിഹാസിക മോഡലാണ് കുഞ്ചാക്കോ ബോബന് ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. വാഹനം വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന് പങ്കിട്ടിട്ടുണ്ട്. താരത്തിനൊപ്പം ഭാര്യ പ്രിയയെയും മകന് ഇസഹാക്കിനെയും ഷോറൂമിലെ ജീവനക്കാരെയും കാണാം. കൊച്ചിയിലെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെ.എല്‍.ആറില്‍ നിന്നാണ് ചാക്കോച്ചന് തന്റെ പുതിയ ഡിഫന്‍ഡര്‍ എച്ച്.എസ്.ഇ. സ്വന്തമാക്കിയിരിക്കുന്നത്. ചാക്കോച്ചന്റെ പോസ്റ്റിനു താഴെ സുഹൃത്തുക്കളും സഹതാരങ്ങളും കമന്റുകളിടുന്നുണ്ട്. സുഹൃത്തും താരവുമായ രമേഷ് പിഷാരടി ‘പൊരിക്കും’ എന്നാണ് കമന്റിട്ടിരിക്കുന്നത്.
ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡര്‍ ഒരുങ്ങിയിരിക്കുന്നത്. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2996 സി.സി. ശേഷിയുള്ള ഈ എന്ജിന് 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. കേവലം ഏഴ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡിഫന്‍ഡര്‍ 110-ന് സാധിക്കും.






