രക്തനക്ഷത്രമായി കോടിയേരി ബാലകൃഷണൻ ജനഹൃദയങ്ങളിൽ ഉദിച്ചു നിൽക്കുന്നത് എന്ത് കൊണ്ടായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രീജിത്ത് രാജ് , കോടിയേരി ഒരു ജീവചരിത്രം എന്ന പുസ്തകത്തിലൂടെ പറയുന്നത്. കോടിയേരിയുടെ പൂനിലാവ് പോലത്തെ ചിരി നിറഞ്ഞു നിൽക്കുന്നതാണ് ജീവചരിത്രത്തിലെ ഓരോ ഇതളുകളും. സ്നേഹത്തിന്റെ, അരികുവൽക്കരിക്കപ്പെട്ടവരുടെ വേദനകൾ പരിഗണിക്കുന്ന ആർദ്രതയായിരുന്നു കോടിയേരിയുടെ വ്യക്തിത്വമെന്നു പ്രീജിത് രാജ് വ്യക്തമാക്കുന്നു. അനശ്വരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവിതത്തെ കുറിച്ച് പ്രീജിത് രാജ് തയ്യാറാക്കിയ 'കോടിയേരി ഒരു ജീവചരിത്രം' കോഹിനൂർ രത്നം പോലെ തിളക്കമാർന്ന ഒന്നാണെന്നു മാധ്യമ പ്രവർത്തകൻ എസ്. നാരായണൻ (മംഗളം) കുറിയ്ക്കുന്നു.
കോടിയേരി ഒരു ജീവചരിത്രം എന്ന പുസ്തകത്തിലെ ഒരു അധ്യായമായ 'തൂവെള്ളക്കൊടിയും രക്തനക്ഷത്രവും, ഏവരും വായിച്ചിരിക്കേണ്ടതാണ്.
കോടിയേരി ബാലകൃഷ്ണന് അടുപ്പമുള്ളവരോട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലത്തെ കുറിച്ച് എപ്പോഴും വാചാലനാവുമായിരുന്നു. ആ കാലത്തെ മുന്നേറ്റങ്ങളെ കുറിച്ച് ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കാന്‍ കോടിയേരി ഏറെ ഇഷ്ടപ്പെട്ടു. തലശ്ശേരിയിലെ കോടിയേരി ഓണിയന്‍ ഹൈസ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന കാലഘട്ടം മുതല്‍ പുരോഗമന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കോടിയേരി, ആ സ്കൂളില്‍ കെ എസ് എഫിന്റെ ഒരു യൂണിറ്റ് രൂപീകരിക്കുകയും യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് തലശ്ശേരി താലൂക്ക് ജോയിന്റ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി എന്നീ ചുമതലകളിലും കെ എസ് എഫില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ മാഹി മഹാത്മാഗാന്ധി കോളേജില്‍ പഠിക്കുന്ന സന്ദര്‍ഭത്തിലാണ് എസ് എഫ് ഐ രൂപീകരണ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്. ആ സമ്മേളനത്തില്‍ കോടിയേരി പ്രതിനിധിയായിരുന്നു. എസ് എഫ് ഐ രൂപീകരണത്തിന് ശേഷമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്.
നേരത്തെ സ്കൂളുകളില്‍ കെ എസ് എഫിന് സ്വാധീനമുണ്ടായിരുന്നുവെങ്കിലും കെ എസ് യു തന്നെയായിരുന്നു ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന. അതിന് മാറ്റം വന്നുതുടങ്ങിയത് എസ് എഫ് ഐ രൂപീകരിച്ചതിന് ശേഷമാണ്. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് വലിയ പ്രക്ഷോഭങ്ങള്‍ക്ക് എസ് എഫ് ഐ നേതൃത്വം നല്കി. കോടിയേരി എസ് എഫ് ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വേളയിലാണ് ചൊവ്വ ഹൈസ്കൂളില്‍ എസ് എഫ് ഐയുടെ യൂണിറ്റ് രൂപീകരിച്ച വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വലിയ പ്രക്ഷോഭം സംഘടിപ്പിച്ചു. സ്കൂളിന്റെ മുന്നില്‍ നിരാഹാര സമരം തുടങ്ങി. വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറായി. ഈ സമരവിജയം ജില്ലയിലാകെ എസ് എഫ് ഐയുടെ മുന്നേറ്റത്തിന് വളരെയേറെ സഹായിച്ചു. ആ കാലഘട്ടത്തില്‍ ഇ പി ജയരാജനായിരുന്നു എസ് എഫ് ഐ ജില്ലാ സെക്രട്ടറി.
1973ല്‍ കൊല്ലത്ത് വെച്ച് ചേര്‍ന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് ജി സുധാകരനെ സംസ്ഥാന പ്രസിഡന്റായും കോടിയേരിയെ സെക്രട്ടറിയായും തെരഞ്ഞെടുക്കുന്നത്. 1974ല്‍ തിരുവനന്തപുരത്ത് വെച്ച് ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് എം എ ബേബിയെ പ്രസിഡന്റായും കോടിയേരിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കെ എസ് യു നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയനുകളുടെ അഴിമതിയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആ കാലയളവില്‍ എസ് എഫ് ഐ ഏറ്റെടുക്കുകയുണ്ടായി. കെ എസ് യു നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയനുകളും കോളേജ് യൂണിയനുകളും അഴമതി നുരക്കുന്ന ഇടങ്ങളായിരുന്നു. കെ എസ് യു പ്രവര്‍ത്തനത്തിനായി കോളേജ് യൂണിയന്, യൂണിവേഴ്സിറ്റി യൂണിയന് ഫണ്ടുകള്‍ അവര്‍ തിരിമറി നടത്തി. ഇതിനെതിരായി വലിയ പ്രചാരവേല സംഘടിപ്പിക്കാന്‍ എസ് എഫ് ഐ അന്ന് മുന്‍കൈയെടുത്തു. അക്കാലത്ത് നൂറ് ശതമാനം സീറ്റുകളിലേക്കും മാനേജ്മെന്റുകള്ക്കിഷ്ടമുള്ളവരെ പ്രവേശിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതിനെതിരായി സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം മെറിറ്റടിസ്ഥാനത്തിലാവണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം എസ് എഫ് ഐ രൂപീകരണത്തിന് ശേഷമുള്ള ശ്രദ്ധേയമായ പ്രക്ഷോഭമായിരുന്നു. ആ സമയത്ത് കോളേജധ്യാപകര്‍ക്ക് സര്‍ക്കാര്‍ ട്രഷറി വഴി ശമ്പളം കൊടുക്കുന്ന സംവിധാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് എ കെ പി സി ടി എ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന് എസ് എഫ് ഐ പിന്തുണ നല്കുകയുണ്ടായി. വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് അധ്യാപക വിദ്യാര്‍ത്ഥി പ്രക്ഷോഭമായി ആ സമരം ജ്വലിച്ചുയര്‍ന്നു. കെ എസ് യുവിനും ആ സമരത്തില്‍ പങ്കാളികളാകേണ്ടി വന്നു.
ഒടുവില്‍ സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ 80 ശതമാനം മെറിറ്റും സംവരണ വ്യവസ്ഥകളും അംഗീകരിക്കപ്പെട്ടു. കോളേജ് അധ്യാപകര്‍ക്ക് ഡയറക്ട് പേമെന്റ് ലഭിച്ചുതുടങ്ങിയതും ഈ പ്രക്ഷോഭത്തെ തുടര്‍ന്നാണ്. എസ് എഫ് ഐക്ക് വലിയ സ്വീകാര്യതയും മുന്നേറ്റവുമുണ്ടാക്കാന്‍ ഈ സമരം സഹായകമായി. മെറിറ്റ് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയതോടെ സംവരണവും പ്രാബല്യത്തില്‍ വന്നു. അതോടെ പട്ടികജാതി - വര്‍ഗ, പിന്നോക്ക വിഭാഗത്തിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്വകാര്യ കോളേജുകളില്‍ അഡ്മിഷന് ലഭിക്കുന്ന നില വന്നു. പാവപ്പെട്ടവരുടെ വീടുകളില്‍ നിന്നും കോളേജുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്ന അവസ്ഥയും അതോടൊപ്പം ഉണ്ടായി. എസ് എഫ് ഐയുടെ സ്വാധീനം വര്‍ധിച്ചതിന് ഇതുമൊരു ഘടകമായിരുന്നു.
എസ് എഫ് ഐ ആ കാലഘട്ടത്തില്‍ ഏറ്റെടുത്ത മറ്റൊരു പ്രധാനപ്പെട്ട സമരമായിരുന്നു പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റും ലംസംഗ്രാന്റും വര്‍ധിപ്പിക്കാനും ഹോസ്റ്റല്‍ സൗകര്യത്തിനും വേണ്ടി നടത്തിയ പ്രക്ഷോഭം. ഹരിജന്‍ വിദ്യാര്‍ത്ഥി ഫെഡറേഷനെന്നൊരു സംഘടന ആ ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, എസ് എഫ് ഐ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി സമരരംഗത്തേക്കിറങ്ങിയതോടെ ആ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ വലിയതോതില്‍ എസ് എഫ് ഐയിലേക്ക് ആകൃഷ്ടരായി. പട്ടികജാതി- വര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളെല്ലാം എസ് എഫ് ഐയുടെ സ്വാധീനകേന്ദ്രങ്ങളായി മാറിയത് അങ്ങിനെയാണ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ ഹോസ്റ്റലുകളില്‍ പലതിലും മിക്കവാറും ദിവസങ്ങളില്‍ താമസിച്ചത് കോടിയേരിയുടെ വിദ്യാര്‍ത്ഥി ജീവിത കാലത്തെ മറക്കാനാവാത്ത അനുഭവമാണ്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ താമസിച്ച് അവരോടൊപ്പം പ്രവര്‍ത്തിക്കുക എന്ന രീതിയായിരുന്നു ആ കാലത്ത് എസ് എഫ് ഐ നേതൃത്വം അവലംബിച്ചിരുന്നത്.
സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത് 1967ലെ ഇ എം എസ് ഗവണ്മെന്റായിരുന്നു. കെ എസ് എഫിന്റെ മുദ്രാവാക്യമായിരുന്നു അത്. എസ് എസ് എല്‍ സി പരീക്ഷ ഫീസ് എടുത്തുകളയണമെന്ന് കെ എസ് എഫ് ആവശ്യപ്പെട്ടപ്പോള്‍ ഇ എം എസ് സര്‍ക്കാര്‍ 1969ല്‍ പരീക്ഷഫീസ് എടുത്തുകളഞ്ഞു. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച പാരമ്പര്യമാണ് കെ എസ് എഫിനും തുടര്‍ന്ന് എസ് എഫ് ഐക്കും ഉള്ളത്. സര്‍വ്വകലാശാല സെനറ്റുകളില്‍ വിദ്യാര്‍ത്ഥി പ്രാധിനിത്യത്തിന് വേണ്ടി ഇടപെട്ടത് കെ എസ് എഫ് ആണ്. ഇ എം എസ് സര്‍ക്കാര്‍ ആ ആവശ്യവും നിറവേറ്റി. സെനറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാധിനിത്യമുണ്ടായി.
എസ് എഫ് ഐ കാലഘട്ടത്തില്‍ കോടിയേരിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ഘട്ടം അടിയന്തരാവസ്ഥയുടെ കാലമായിരുന്നു. അദ്ദേഹം എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്്തതിക്കുമ്പോഴാണ് 1975 ജൂണ്‍ 26ന് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ അതിനെതിരായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ എസ് എഫ് ഐ ആഹ്വാനം ചെയ്തു. തലശ്ശേരിയിലെ ചിറക്കര ഹൈസ്കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ കോടിയേരി പ്രസംഗിച്ചു. അന്ന് അര്‍ധരാത്രിയോടെ പോലീസ് വീടുവളഞ്ഞു. കോടിയേരിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ടു. എസ് എഫ് ഐ സംസ്ഥാന നേതാക്കന്മാരെ വിവിധ ഇടങ്ങളിലായി അന്നേ ദിവസം രാത്രി അറസ്റ്റ് ചെയ്ത് പോലീസ് ലോക്കപ്പിലടച്ചു. ഇതിനെതിരായി പലയിടത്തും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനമുണ്ടായി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എല്ലാവരേയും വിട്ടയച്ചു. എ കെ ജി പങ്കെടുക്കുന്ന പാര്‍ടി പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് പോകാനൊരുങ്ങുമ്പോഴാണ് 26ന് രാത്രി കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. 27നായിരുന്നു കോഴിക്കോട്ടെ പ്രവര്‍ത്തക യോഗം. അറസ്റ്റിലായതിനാല്‍ കോടിയേരിക്ക് യോഗത്തില്‍ പങ്കെടുക്കാനായില്ല. എ കെ ജിയും മറ്റും ഇടപെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചത്. അടിയന്തരാവസ്ഥയിലെ അര്‍ധഫാസിസ്റ്റ് വാഴ്ച അസാധാരണ സാഹചര്യം സമൂഹത്തില്‍ വന്നുചേര്‍ന്നു. പത്രമാധ്യമങ്ങള്‍ക്ക് പ്രീസെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചു. 'നാവടക്കൂ പണിയെടുക്കൂ..', 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ നാടുനീളെ ഉയരാന്‍ തുടങ്ങി. സ്കൂള്‍ പാര്ലമെന്റുകള്, കോളേജ് യൂണിയനുകള്‍, സര്‍വ്വകലാശാല യൂണിയനുകള്‍ എല്ലാം വേണ്ടെന്ന് വെച്ചു. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ റദ്ദ് ചെയ്തു. ജനാധിപത്യം പൂര്‍ണമായും ഇല്ലാതായി.
ഈ ഘട്ടത്തില്‍ എസ് എഫ് ഐ സംസ്ഥാന കമ്മറ്റി വിളിച്ചുചേര്‍ത്ത് സാഹചര്യങ്ങള്‍ വിലയിരുത്തി, പ്രവര്‍ത്തന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. ഒരു വിഭാഗം സഖാക്കള്‍ പരസ്യമായും മറ്റൊരു വിഭാഗം സഖാക്കള്‍ രഹസ്യമായും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അടിയന്തരാവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്നും തീരുമാനിച്ചു.
അതിന്റെ ഭാഗമായാണ് 1975 ജൂലായ് 1ന് തിരുവനന്തപുരത്ത് പ്രകടനം നടത്തണമെന്ന് തീരുമാനിച്ചത്. എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ പ്രകടനത്തെ പോലീസ് മൃഗീയമായി ലാത്തിചാര്‍ജ്ജ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം എ ബേബി, ജി സുധാകരന്, എം വിജയകുമാര്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ഡി ഐ ആര് ആക്റ്റ് (ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് ആക്റ്റ്) ചുമത്തി തിരുവനന്തപുരത്ത് ജയിലിലടച്ചു. രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അവരെ വിട്ടയച്ചത്. ആഗസ്ത് മാസത്തില്‍ കേരളത്തിലെ സിപിഐ എമ്മിന്റെ നേതാക്കന്മാരെയും വിവിധ വര്‍ഗ ബഹുജനസംഘടനകളുടെ സെക്രട്ടറിമാരെയും മിസ (മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തി അറസ്റ്റ് ചെയ്യാന്‍ ഇതിനിടെ ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എസ് എഫ് ഐയുടെ സെക്രട്ടറിയെന്നുള്ള നിലയില്‍ കോടിയേരിയെ മിസ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹത്തെ തടവിലിട്ടത്. ഒന്നരവര്‍ഷക്കാലത്തോളം മിസ പ്രകാരം ജയിലില്‍ കഴിയേണ്ടി വന്നു. ഈ ഘട്ടത്തില്‍ പാര്‍ടി നേതാക്കന്മാര് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുന്നവരെയെല്ലാം മര്‍ദ്ദിക്കുകയും ഡി ഐ ആര് ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തുപോന്നു. രാജ്യമാസകലം പ്രതിഷേധത്തിന്റെ കൊടുങ്കാറ്റലയടിച്ച നാളുകളായിരുന്നു അത്. അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതയായി. 1977ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. അതുവരെ കോടിയേരിയടക്കമുള്ളവര്ക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വന്നു.
ജയിലില്‍ നിന്ന് പുറത്തുവന്നയുടന്‍ തന്നെ എല്ലാ കോളേജുകളിലും ഒരു പര്യടനം നടത്തി. അപ്പോഴാണ് അടിയന്തരാവസ്ഥയ്ക്കെതിരായ വിദ്യാര്‍ത്ഥികളുടെ രോഷം എത്രമാത്രം വലുതായിരുന്നു എന്ന് മനസിലാക്കാന്‍ സാധിച്ചത്. കോടിയേരി കടന്നുചെന്ന കോളേജുകളിലെല്ലാം വമ്പിച്ച വിദ്യാര്‍ത്ഥി സമ്മേളനത്തോടെയാണ് വരവേല്പ്പുണ്ടായത്. തുടര്‍ന്ന് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. യു ഡി എഫിനാണ് ഭരണം ലഭിച്ചത്. എന്നാല്‍, സ്കൂള്‍ പാര്‍ലമെന്റുകളിലേക്കും കോളേജ് യൂണിയനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ എസ് എഫ് ഐ വന്‍വിജയം നേടി. ചരിത്രത്തില്‍ ആദ്യമായാണ് അന്നത്തെ കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനുകളില്‍ കെ എസ് യുവിനെ തോല്‍പ്പിച്ച് എസ് എഫ് ഐ വിജയിച്ചത്. തുടര്‍ന്നിങ്ങോട്ട് എസ് എഫ് ഐയുടെ വിജയങ്ങളായിരുന്നു കേരളം കണ്ടതും കേട്ടതും.
എസ് എഫ് ഐ ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പിന്തുണയുള്ള സംഘടനയാണ്. ഈ നേട്ടം കൈവരിച്ചത് പോരാട്ടത്തില്‍ കൂടിയും സഹനത്തില്‍ കൂടിയുമാണ്. നിരവധി വിദ്യാര്‍ത്ഥി പ്രവര്ത്തകന്മാര് ഇതിനിടയില്‍ രക്തസാക്ഷികളായി. എത്രയോ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനമേറ്റ് അംഗവൈകല്യമുള്ളവരായി മാറി. പതിനായിരങ്ങള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. കള്ളക്കേസുകളില്‍ പ്രതികളാക്കപ്പെട്ട പലര്‍ക്കും തങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ജോലി പോലും ലഭിച്ചില്ല. അതേസമയം എസ് എഫ് ഐയുടെ പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതനിരപേക്ഷ ബോധവും ജനാധിപത്യ ബോധവും സാമൂഹ്യ ബോധവും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നത് പ്രധാനപ്പെട്ട നേട്ടമാണ്. ഇതിനെ തകര്‍ക്കാനായി മതമൗലീകവാദ ശക്തികളും തീവ്രവാദ ശക്തികളും സജീവമായി വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിനെ പരാജയപ്പെടുത്തി മുന്നോട്ടുപോവുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകരും. ഇത് കണക്കിലെടുത്ത് കോര്‍പ്പറേറ്റുവല്‍ക്കരണ നയങ്ങള്‍ക്കെതിരായും വര്‍ഗീയ ശക്തികള്ക്കെതിരായുമുള്ള ശക്തമായ പോരാട്ടം ഇന്നത്തെ തലമുറ ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് പുതുതലമുറയെ നിരന്തരം ഓര്‍മ്മിപ്പിച്ചു. എസ് എഫ് ഐയുടെ ശുഭ്രപതാക കോടിയേരിക്ക് എന്നും ആവേശമായിരുന്നു.






