
ഒഡീഷയില്‍ ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ അശ്വിനി വൈഷണവിനോടും ധര്‍മേന്ദ്ര പ്രധാനോടുമൊപ്പമാണ് സന്ദര്‍ശനം നടത്തിയത്.
രക്ഷാപ്രവര്‍ത്തനം നടത്തിയ എന്‍ഡിആര്‍എഫ് സംഘത്തോട് മോദി ആശയവിനിമയം നടത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ മോദി സന്ദര്‍ശിക്കും.
ട്രെയിന്‍ അപകടത്തില്‍ 261 പേര് മരിച്ചെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.55 നായിരുന്നു അപകടമുണ്ടായത്. അപകട കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവാണെന്നാണ് കണ്ടെത്തല്‍.






