
ഏറ്റവും കുറഞ്ഞ വിലയില്‍ പുറത്തിറക്കുന്ന എസ്യുവിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എക്സ്റ്ററിന്റെ ചിത്രങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടിരിയ്ക്കുകയാണ്. ആദ്യം എക്സ്റ്ററിന്റെ രേഖാചിത്രം പുറത്തു വിട്ട ഹ്യുണ്ടേയ് ഏപ്രിലില്‍ വാഹനത്തിന്റെ മുന്‍ ഭാഗത്തിന്റെ ചിത്രം പുറത്തു വിട്ടിരുന്നു ഇപ്പോഴിതാ ഔദ്യോഗികമായി പിന്‍ഭാഗത്തിന്റെ ചിത്രവും പുറത്തു വന്നിരിക്കുന്നു.
ജൂലൈ അവസാനത്തോടെ എക്സ്റ്റര്‍ ഇന്ത്യന്‍ നിരത്തില്‍ ഓടി തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഹ്യുണ്ടേയ് എക്സ്റ്റര്‍ 11,000 രൂപക്ക് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം. പുറത്തുവന്ന എക്സ്റ്ററിന്റെ പിന്‍ഭാഗത്തെ ഡിസൈനില്‍, എല്‍ഇഡി ടെയ്ല് ലാംപുകളെ യോജിപ്പിച്ചു കൊണ്ടുള്ള കറുത്ത കനത്തിലുള്ള പട്ടയാണ്. ടെക്സ്റ്റേഡ് ഫിനിഷില്‍ ഹ്യുണ്ടേയ് ലോഗോ ഇതിന്റെ മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്നു. മുന്നിലെ ഡേടൈം ലാംപിലേതു പോലെ പിന്നിലെ ടെയ്ല് ലാംപിലും ഹ്യുണ്ടേയുടെ 'ഒ' എന്ന അക്ഷരം തെളിഞ്ഞു കാണാം. ചെത്തിയെടുത്തതു പോലുള്ള രൂപകല്പന എക്സ്റ്ററിന് പരുക്കന്‍ ലുക്ക് നല്‍കുന്നുണ്ട്. കറുപ്പിലും സില്‍വര്‍ നിറത്തിലും നിര്‍മിച്ചതാണ് പിന്നിലെ ഡ്യുവല്‍ ടോണ്‍ ബംപര്‍. പിന്നിലെ റിഫ്ളക്ടറുകള്‍ ഈ ഡ്യുവല്‍ ടോണ്‍ ബംപറിന്റെ കറുപ്പിനും സില്വറിനുമിടയില് ചേര്‍ന്നിരിക്കുന്നു.
1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ഹ്യുണ്ടേയ് എക്സ്റ്ററിന്. 83hp കരുത്തും പരമാവധി 114Nm ടോര്‍ക്കും പുറത്തെടുക്കാന്‍ എക്സ്റ്ററിന് സാധിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുകളാണ് വാഹനത്തിലുണ്ടാകുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള സിഎന്‍ജി എക്സ്റ്ററും ഹ്യുണ്ടേയ് പുറത്തിറക്കുന്നുണ്ട്. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ ബാഗുകളുടെ സുരക്ഷ വാഹനത്തിനുണ്ട്. ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍, 2 കര്ട്ടന്, ഡ്രൈവര്‍ സൈഡ്, ഫ്രണ്ട് പാസഞ്ചര്‍ സൈഡ് എന്നിവിടങ്ങളിലാണ് എയര്‍ബാഗുകള്‍ ഉണ്ടാകുക.
ഇഎസ്സി, ഹില്‍ അസിസ്റ്റ് കണ്ട്രോള്, 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, എല്ലാ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കീലെസ് എന്‍ട്രി, എ.ബി.എസ് വിത്ത് ഇ.ബി.ഡി, റിയര്‍ പാര്‍ക്കിംങ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് ഹെഡ് ലാംപ്, റിയര്‍ പാര്‍ക്കിംങ് ക്യാമറ എന്നിങ്ങനെയാണ് വാഹനത്തിന്റെ ഫീച്ചറുകള്‍. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ്(ഒ) കണക്ട് എന്നിങ്ങനെ അഞ്ചു മോഡലുകളിലാണ് വാഹനം പുറത്തിറക്കുക.






