
നിയന്ത്രിക്കാനാകുന്ന മരണകാരണങ്ങളില്‍ മുന്‍പന്തിയിലുള്ള ഒരു ദുശ്ശീലമാണ് പുകവലി. ശരീരത്തിലെ എല്ലാ അവയവങ്ങളെയും പുകവലി പ്രതികൂലമായി ബാധിക്കും. പുകവലി ഹൃദയാഘാതത്തിനും ശ്വാസകോശ അര്‍ബുദത്തിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്ന പോലെ തന്നെ അന്ധതയ്ക്കും കാരണമാകുമെന്ന് പറയുകയാണ് ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍.
പുകവലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നേത്ര രോഗങ്ങളുടെ ലക്ഷണങ്ങളാണ് കാഴ്ച മങ്ങുക, നിറങ്ങള്‍ വ്യക്തമായും കൃത്യമായും കാണാന്‍ പറ്റാതെ വരുക, പ്രകാശത്തോടുള്ള സംവേദനക്ഷമത, രാത്രിയില്‍ കാണാന്‍ പ്രയാസം, ഡബിള്‍ വിഷന്‍, മുഖങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസം എന്നിവ. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാര്‍ക്ക് അഞ്ചരവര്‍ഷം നേരത്തെ മക്യുലാര്‍ ഡീജനറേഷന്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന. വായന, ഡ്രൈവിങ്ങ് തുടങ്ങി ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസമാകുന്ന തരത്തില്‍ കാഴ്ച മങ്ങുന്ന അവസ്ഥയാണിത്. പുകവലിക്കുന്ന ആളുകളോടൊപ്പം ജീവിക്കുന്നവര്‍ക്ക് പരോക്ഷമായി പുകവലി മൂലം മക്യുലാര്‍ ഡീജനറേഷന്‍ വരാനുള്ള സാധ്യത ഇരട്ടിയാണ്. സിഗരറ്റ് വലിക്കുമ്പോള്‍, കാഴ്ചശക്തിയുമായി ബന്ധപ്പെട്ട കണ്ണിലെ എല്ലാ ഭാഗങ്ങളും മങ്ങി കാഴ്ചയെ മറയ്ക്കുകയും കാഴ്ചശക്തി തന്നെ പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥ വരികയും ചെയ്യും.
ഡയബറ്റിക് റെറ്റിനോപ്പതി - പുകവലിക്കാരില്‍, കണ്ണിലെ രക്തക്കുഴലുകള്‍ക്ക് കേടുപാട് വരുന്ന ഡയബറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂടുതലാണ്. ഇത് കാഴ്ച മങ്ങുന്നതിനും അന്ധതയ്ക്കും കാരണമാകുന്നു.
തിമിരം - ദിവസം രണ്ടോ മൂന്നോ സിഗരറ്റ് വലിച്ചാലും പോലും തിമിരം ഉണ്ടാകുമെന്ന് നാഷണല്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. റെറ്റിനയിലൂടെ കടന്നുപോകുന്ന പ്രകാശത്തെ തടയുകയും ഇതുവഴി കണ്ണിലെ ലെന്‍സിന് മങ്ങല്‍ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണിത്. വര്‍ഷങ്ങള്‍ കൊണ്ട് ക്രമേണ ഉണ്ടായി വരുന്നതും സാവധാനത്തില്‍ കണ്ണിലെ നാഡികളെ തകരാറിലാക്കുകയും ചെയ്യുന്ന രോഗമാണ് തിമിരം. തിമിരം കാഴ്ച മങ്ങാനിടയാക്കുകയും വസ്തുക്കളെ മങ്ങിയും മഞ്ഞനിറത്തിലും കാണുകയും ചെയ്യുന്ന അവസ്ഥയാണിത്.
തൈറോയ്ഡ് ഐ ഡിസീസ് - തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെയും പുകവലി ബാധിക്കുന്നു. ഇത് ഗ്രേവ്സ് ഡിസീസ് അഥവാ തൈറോയ്ഡ് ഐ ഡിസീസിനു കാരണമാകുന്നു.
മക്യുലാര്‍ ഡീജനറേഷന്‍ - പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരില്‍ മക്യുലാര്‍ ഡീജനറേഷന്‍ ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്. റെറ്റിനയുടെ സെന്‍സിറ്റീവ് പാളിയായ മക്യുലയെ ഇത് ബാധിക്കുന്നു. പുകവലി, മക്യുലയെ ക്രമേണ നശിപ്പിക്കുകയും മുന്നിലുള്ള വസ്തുക്കളെ കാണാനും വായിക്കാനും വാഹനം ഓടിക്കാനും ദൈനംദിന കാര്യങ്ങള്‍ ചെയ്യാനും പ്രയാസം ആവുകയും ചെയ്യും. പുകവലി ആന്റിഓക്സിഡന്റുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും മക്യുലയിലെ ല്യൂട്ടീന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. റെറ്റിനയിലേക്കുള്ള വളരെ ചെറിയ രക്തക്കുഴലുകളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാനും പുകവലി കാരണമാകുന്നു.






