
സെല്‍റ്റോസ് എന്ന ഒരൊറ്റ മോഡലിലൂടെയാണ് കിയ എന്ന ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വേരുറപ്പിച്ചത്. 2019 ഓഗസ്റ്റില്‍ സെല്‍റ്റോസുമായി ഇന്ത്യയിലെത്തിയ കിയ മോട്ടോര്‍സ് വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന നിര്‍മാതാക്കളാണ്. അതിന് കളമൊരുക്കിയത് സെല്റ്റോസാണെങ്കിലും പിന്നാലെയെത്തിയ കാര്‍ണിവലും സോനെറ്റും കാരെന്‍സുമെല്ലാം വലിയ പങ്കുവഹിച്ചിട്ടുമുണ്ട്. 2019 ഓഗസ്റ്റില്‍ വില്‍പ്പനയ്ക്കെത്തിയ സെല്‍റ്റോസിന്റെ 5 ലക്ഷം യൂണിറ്റ് വില്‍പ്പന പൂര്‍ത്തീകരിച്ച് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് കിയ. ലോഞ്ച് ചെയ്ത് വെറും 46 മാസത്തിനുള്ളിലാണ് ഇത്രയും വലിയ നേട്ടം വാഹനത്തിന് സ്വന്തമാക്കാനായിരിക്കുന്നത്.
ഹ്യുണ്ടായി ക്രെറ്റയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് സെല്‍റ്റോസ്. താരതമ്യേന കുറഞ്ഞ വിലയും കാലികമായ ഡിസൈനും കിടിലന്‍ എഞ്ചിന്, ഗിയര്‍ബോക്സ് കോമ്പിനേഷനുകളുമാണ് മിഡ്-സൈസ് എസ്യുവിയുടെ വിജയത്തിന് കാരണമായത്. ഇന്ന് കിയയുടെ വില്‍പ്പനയുടെ 55 ശതമാനത്തോളം സംഭാവന ചെയ്യുന്നത് സെല്‍റ്റോസാണ്. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, മധ്യ, തെക്കേ അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് മേഖല എന്നിവയുള്‍പ്പെടെ 100-ലധികം വിദേശ വിപണികളിലേക്ക് എസ്യുവി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഹ്യുണ്ടായി ക്രെറ്റയുമായി പ്ലാറ്റ്ഫോം, എഞ്ചിന് എന്നിവയെല്ലാം പങ്കിടുന്നുണ്ടെങ്കിലും രണ്ടും തമ്മില്‍ കാഴ്ച്ചയില്‍ യാതൊരു വിധ സാമ്യതകളുമില്ലാത്തതാണ് ഇവയുടെ വിജയം. ടെക് ലൈന്‍ (HT) , GT ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി അനേകം വേരിയന്റുകളാണ് കിയ സെല്‍റ്റോസിനുള്ളത്.
10.25 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, UVO കണക്റ്റഡ് ഫീച്ചറുകള്‍, 7 ഇഞ്ച് ഡിജിറ്റല്‍ കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള എല്ലാ ക്രമീകരണങ്ങളും അകത്തുണ്ട്. ഇതിനുപുറമെ ലെതറൈറ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, മള്‍ട്ടി ഫംഗ്ഷന് സ്റ്റിയറിംഗ് വീല്‍, 8-സ്പീക്കര്‍ ബോസ് മ്യൂസിക് സിസ്റ്റം, ഹെഡ്സ് അപ് ഡിസ്പ്ലേ, 360-ക്യാമറ, മൂഡ് ലൈറ്റിംഗ്, TPMS, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പിന്‍സീറ്റ് ബാക്ക്റെസ്റ്റ് പോലുള്ള സംവിധാനങ്ങളും കിയ സെല്‍റ്റോസ് വാങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി ലഭിക്കും. സേഫ്റ്റിയിലേക്ക് നോക്കിയാല്‍ ആറ് എയര്‍ബാഗുകള്‍ അടക്കമുള്ള സുരക്ഷയും എസ്യുവിയിലുണ്ട്. എഞ്ചിന് ഓപ്ഷന്റെ കാര്യം വരുമ്പോള്‍ 1.5 ലിറ്റര്‍ NA പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളാണ് എസ്യുവിക്കുള്ളത്. അതേസമയം ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് iMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് മിഡ്-സൈസ് എസ്യുവിയില് തെരഞ്ഞെടുക്കാനാവുന്നത്.






