
മിമിക്രി കലാകാരനും സിനിമാതാരവുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിച മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മലയാള സിനിമാലോകവും ആരാധകരും. സുധിയുടെ അപകട വാര്‍ത്ത പുറത്തുവന്നതോടെ സുധിക്കൊപ്പം യാത്ര ചെയ്ത ബിനു അടിമാലി മഹേഷ്, ഉല്ലാസ് അരൂര്‍ എന്നീ താരങ്ങളുടെ ആരോഗ്യനില അറിയാനും എല്ലാവരും ആകാംക്ഷ പ്രകടിപ്പിച്ചു. ഇപ്പോഴിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനു അടിമാലി അപകടനില തരണം ചെയ്തു എന്നാണ് ഇപ്പോള്‍ സ്റ്റാര്‍ മാജിക് ഷോ ഡയറക്റ്റര്‍ അനൂപ് പങ്കിട്ട വീഡിയോയിലൂടെ എല്ലാവരും അറിയുന്നത്. ബിനു അടിമാലിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അനൂപ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘‘ബിനു അടിമാലിയെ കണ്ട ശേഷം പുറത്തുവന്നതാണ്. ബിനു ചേട്ടനെ കണ്ടു. ചേട്ടന് ഇന്നലെ ഒരു മൈനര്‍ സര്‍ജറി ഉണ്ടായിരുന്നു. മുഖത്ത് ചെറിയ ഒരു പൊട്ടലും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ബിനു പൂര്‍ണ്ണ റെസ്റ്റില്‍ ആണ്. കുഴപ്പം ഒന്നുമില്ല, ക്രിട്ടിക്കല്‍ സിറ്റുവേഷൻ ചേട്ടൻ മറികടന്നു. ഒരുപാട് ആളുകള്‍ ചേട്ടന്റെ വിവരങ്ങള്‍ ചോദിച്ചുകൊണ്ട് എത്തുന്നുണ്ട്.
ബിനു തന്നെ പറഞ്ഞിട്ടാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അടിമാലിയുമായി ഞങ്ങള്‍ ഒരു പത്തു പതിനഞ്ചുമിനിറ്റോളം ഞങ്ങള്‍ സംസാരിച്ചു. കുറച്ചു വികാരഭരിതമായ നിമിഷങ്ങള്‍ ആയിരുന്നു. അതെ കുറിച്ചൊക്കെ നമ്മള്‍ക്ക് പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിച്ചു മനസിലാക്കാം. ഇപ്പോള്‍ ബിനു റെസ്റ്റില്‍ ആണ്.
ഐസിയുവിനു അടുത്തുള്ള ഒരു റൂമില്‍ ആണ് ഇപ്പോള്‍ ബിനുവിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അവിടെ ഒരു നാലഞ്ച് ദിവസത്തോളം കഴിയേണ്ടി വരും. ഇപ്പോള്‍ ക്രിട്ടിക്കല്‍ സിറ്റുവേഷൻ ഒന്നും ഇല്ല. ബിനു ഓക്കേ ആയി ഇരിക്കുന്നു. ബിനുവിന് ഇപ്പോള്‍ അത്യാവശ്യം വേണ്ടത് നല്ല റെസ്റ്റ് ആണ്. കുറച്ചു മീഡിയാസ് ഒക്കെ ഹോസ്പിറ്റലിന്റെ പുറത്തുവന്നു വീഡിയോസ് ഒക്കെ എടുക്കാൻ ശ്രമിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും ബിനുവിന് റെസ്റ്റുമാണ് ഇപ്പോള്‍ ആവശ്യം...’’ അനൂപ് പറയുന്നു.
https://www.facebook.com/reel/224185733742139
അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന് ഇന്നലെ ശസ്ത്രക്രിയ നടന്നിരുന്നു. നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്ക്ക് മഹേഷ് എത്തിയത്.






