
കൊല്ലം : കൊല്ലം നഗരത്തില്‍ 58 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ജൂണ്‍ 15-ന് അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തെങ്കിലും ഇവിടെ വർഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരന്റെ വിരമിക്കൽ ചടങ്ങുകൂടി കഴിഞ്ഞിട്ട് അത് അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു. ഇതോടെ ജൂൺ 30 വരെ പ്രവൃത്തി ദിവസം നീട്ടി.
ഇവിടെ സ്ഥിരമായി ഒരുമിച്ചിരിക്കാൻ ഉദ്യോഗസ്ഥർ, വിരമിച്ചവർ, ബ്രോക്കർമാർ, ഡോക്ടർമാർ, എഴുത്തുകാർ തുടങ്ങി നിരവധിപേർ എത്താറുണ്ട്. ‘ഇരിപ്പ് ബാച്ച്’ എന്നാണ് ഹോട്ടൽത്തൊഴിലാളികൾ ഇവരെ വിശേഷിപ്പിക്കാറ്. സൗഹൃദം പങ്കുവെക്കാനും വിശേഷങ്ങൾ അറിയാനും ചർച്ചകൾക്കുമായി ഇവിടെയാണ് ഇവർ ഒരുമിച്ചു കൂടാറുള്ളത്. എന്നും ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നവരും ഉണ്ട്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വരുമാനം കുറയാനും മികച്ച സേവനം ഉപഭോക്താക്കൾക്ക് കൊടുക്കാൻ സാധിക്കാതെയുമായി. ഇതോടെ പരാതികൾ വർധിക്കാനും വരുമാനം കുറയാനും തുടങ്ങി. കോവിഡും കാര്യമായ പ്രതിസന്ധി സൃഷ്ട്ടിച്ചു.ജീവനക്കാർക്കും ഇവിടെ സ്ഥിരമായി എത്തുന്നവർക്കും ഈ വാർത്ത ഏറെ വിഷമം നിറഞ്ഞതാണ്.






