
ന്യൂയോര്‍ക്ക് നഗരത്തിലെ കാട്ടുതീയുടെ പുകയും അഗ്നിപര്‍വ്വതത്തിന്റെ പുകയും കെട്ടടങ്ങിയതിനു പിന്നാലെ ഇപ്പോള്‍ നഗരത്തെ വിറപ്പിക്കുന്നത് തേനീച്ചകളാണ്.
ന്യൂയോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ ടൈം സ്ക്വയറിലും മാന്‍ഹാട്ടനിലും കൂടുകൂട്ടിയ തേനീച്ചകളാണ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. ടൈം സ്ക്വയറിലെ വിവിധ കെട്ടിടങ്ങളില്‍ ചേക്കേറിയ പതിനായിരക്കണക്കിന് തേനീച്ചകള്‍ നിരത്തിലേക്ക് പറക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെടുകയുണ്ടായി.
തുടര്‍ന്ന് തേനീച്ചകളെ പിടിക്കാനായി പോലീസ് ന്യൂയോര്‍ക്ക് നഗരത്തിലെത്തി. തേനീച്ച പിടിക്കുന്ന പ്രൊഫഷണലുകളെ കൊണ്ടുവരികയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലായിരുന്നു ന്യൂയോര്‍ക്ക് പോലീസ്. തുടര്‍ന്ന് റാണിയോടൊപ്പം തേനീച്ചകള്‍ കൂടിച്ചേര്‍ന്നിരിക്കുന്ന ഭാഗങ്ങളില്‍ നിന്നും അവയെ നീക്കം ചെയ്യുന്ന ശ്രമങ്ങള്‍ നടത്തി. തേനീച്ച കോളനികള്‍ ഗ്രാമങ്ങളില്‍ സാധാരണമാണെങ്കിലും നഗരങ്ങളില്‍ ഇവയുടെ ഇത്രയും ശക്തമായ സാന്നിധ്യം ആദ്യമായിട്ടാണ്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. ചിലര്‍ തേനീച്ചകള്‍ ഈ ഭൂമിക്ക് ആവശ്യമുള്ളവയാണെന്നും അവയെ സംരക്ഷിക്കണമെന്നും കുറിച്ചു.






