
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് തലവന്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങുകയും ഗുസ്തി താരങ്ങള്‍ സമരം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പ് ജൂലൈ 6 ന് നടക്കും. വിവാദ നായകനായി മാറിയിരിക്കുന്ന ഗുസ്തി ഫെഡറേഷന് തലവനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും മത്സരത്തില്‍ നിന്നും മാറ്റി നിര്‍ത്തും.
ഗുസ്തിതാരങ്ങള്‍ വലിയ പ്രതിഷേധവും സമരങ്ങളും നടത്തിയതിന് പിന്നാലെ ദേശീയ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങളുമായി ജൂണ്‍ 15 ന് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ബ്രിജ്ഭൂഷണോ അയാളുടെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ഗുസ്തി ഫെഡറേഷന് തലപ്പത്ത് ഉണ്ടാകരുതെന്നാണ് ഗുസ്തി താരങ്ങള്‍ നല്കിയ നിര്‍ദേശം. ഇക്കാര്യം പരിഗണിക്കാമെന്ന് അനുരാഗ് ഠാക്കൂര്‍ അന്ന് താരങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഗുസ്തി ഫെഡറേഷന് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, നാലു വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറി ജനറല്‍, ട്രഷറര്‍, രണ്ടു ജോയന്റ് സെക്രട്ടറിമാര്‍, അഞ്ച് എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നീ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം ഉത്തര്‍പ്രദേശ് ഗുസ്തി അസോസിയേഷന് തലവന്‍ ബ്രിജ്ഭൂഷണ് സിംഗിന്റെ മകന് കരണ്‍ സിംഗാണ്. ബീഹാറിലെഗുസ്തി അസോസിയേഷന് തലവനാകട്ടെ ബ്രിജ് ഭൂഷന്റെ മരുമകനുമാണ്.
എന്നാല്‍ ഇവരാരും നോമിനേഷന് സമര്‍പ്പിക്കേണ്ടെന്ന് തീരുമാനം എടുത്തിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ നോമിനേഷന് നല്കി വിവാദത്തില്‍ എണ്ണയൊഴിക്കേണ്ട എന്ന തീരുമാനത്തിലാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഹൈക്കോടതി വിരമിച്ച ജഡ്ജി മഹേഷ് മിത്തല്‍ കുമാറിനെ റിട്ടേണിംഗ് ഓഫീസറായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടയില്‍ ഇതുവരെ സ്ഥാനം ഒഴിഞ്ഞിട്ടില്ലാത്ത ബ്രിജ്ഭൂഷണ് സിംഗ് അടുത്ത തെരഞ്ഞെടുപ്പിനേക്കുറിച്ചാണ് ചിന്തിക്കുന്നത്. അടുത്തിടെ നടത്തിയ റാലിയില്‍ താന്‍ കൈസാര്ഗഞ്ചില് നിന്നും ഇനിയും മത്സരിക്കുമെന്ന് ബ്രിജ്ഭൂഷന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആര്‍ക്കും സംശയം വേണ്ടെന്നും അക്കാര്യം മൂന്ന് തരമാണെന്നും പറഞ്ഞിരുന്നു. അതേസമയം റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പേര് പരാമര്ശിക്കാതിരിക്കാന് ശ്രദ്ധിക്കുകയും ചെയ്തു.
ഗുസ്തിഫെഡറേഷന് തലവനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിശബ്ദത അങ്ങേയറ്റം മുറിപ്പെടുത്തിയതായി ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മല്ലിക്കും പ്രതികരിച്ചിട്ടുണ്ട്. മെഡല്‍ നേടിയപ്പോള്‍ വീട്ടിലേക്ക് ഒപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ച് സ്നേഹവും ബഹുമാനവും പ്രകടമാക്കിയ അദ്ദേഹം ഇക്കാര്യത്തില്‍ നിശബ്ദത പാലിച്ചെന്നും പറഞ്ഞു.
