
ബിഗ് ബി അമിതാഭ് ബച്ചന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അറിവു നിറയ്ക്കുന്നതും പ്രചോദനം തരുന്നതുമായ പോസ്റ്റുകളാണ് താരം പലപ്പോഴും പങ്കിടാറുള്ളത്. രസകരമായ ത്രോബാക്ക് ചിത്രങ്ങളും താരം പങ്കിടാറുണ്ട്. തന്റെ പ്രൊഫഷണൽ, വ്യക്തിജീവിതത്തിൽ നിന്നുള്ള വിന്റേജ് ചിത്രങ്ങളും ത്രോബാക്ക് വീഡിയോകളും പങ്കിട്ട് താരം പലപ്പോഴും ആരാധകരെ സന്തോഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അമിതാഭ് ബച്ചൻ കൊച്ചു കുഞ്ഞുങ്ങളായ ട്വിങ്കിൾ ഖന്നയെയും തന്റെ മകള്‍ ശ്വേതാ ബച്ചനെനയും ഒക്കത്തെടുത്തിരിക്കുന്ന ത്രോ ബാക്ക് ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുള്ള ഒരു ത്രോബാക്ക് ചിത്രമാണ്. ബിഗ് ബി പങ്കുവച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ അമിതാഭ് ബച്ചന്റെ കൈകളിൽ സുന്ദരിയായി ഇരിക്കുന്ന ട്വിങ്കിൾ ഖന്നയെയും ശ്വേത ബച്ചനെയും കാണാം. ബിഗ് ബി പങ്കുവച്ച കുറിപ്പ് പ്രകാരം ശ്വേതാ ബച്ചന്റെ ജന്മദിന പാർട്ടിയിൽ ക്ലിക്ക് ചെയ്ത ഫോട്ടോയിൽ, മുഖത്ത് അസ്വസ്ഥമായ ഭാവത്തോടെയുള്ള ട്വിങ്കിളും ആഹ്ലാദത്തോടെയുള്ള ശ്വേതയുമാണ് ഉള്ളത്. ‘‘വെള്ളയിലുള്ളത് ട്വിങ്കിൾ ഖന്നയാണ്, ഇടതുവശത്ത്, ശ്വേത. അവളുടെ ജന്മദിനദിവസത്തെ ചിത്രമാണ്. ട്വിങ്കിൾ ഇപ്പോൾ അക്ഷയ് കുമാറിനെ വിവാഹം കഴിച്ചു. എന്റെ മകൾ ശ്വേത, നിഖിൽ നന്ദയെ വിവാഹം കഴിച്ചു. നവ്യ നന്ദയുടെയും അഗസ്ത്യ നന്ദയുടെയും അമ്മയുമാണ്. അഗസ്ത്യ നന്ദ ആദ്യ സിനിമ ചെയ്യാനൊരുങ്ങുകയാണ്. ഇവിടെ ശ്രദ്ധയോടെ നോക്കുമ്പോൾ മിന്നിത്തിളങ്ങുന്ന ട്വിങ്കിളിനെ കാണാം... ശ്വേത ഒരു ഗോൾ നേടിയിട്ടേയുള്ളൂ...’’ എന്നാണ് അമിതാഭ് ബച്ചന് കുറിച്ചത്. ചിത്രം കണ്ട് മറുപടിയായി ശ്വേത ബച്ചൻ എഴുതിയത് ‘വളരെ തമാശ’ എന്നാണ്.
അക്ഷയ് കുമാറിനെ വിവാഹം കഴിച്ച ട്വിങ്കിൾ ഖന്ന എഴുത്തും ഇന്റീരിയർ ഡിസൈനറുമാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഒരു എഴുത്തുകാരി കൂടിയാണ് ട്വിങ്കിള്‍. അതേസമയം, എഴുത്തുകാരിയും സംരംഭകയും കൂടിയായ ശ്വേത ബച്ചന്റെ മകൻ അഗസ്ത്യ നന്ദ ‘ദ ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കും.






