
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയേറ്റശ്രമം. പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുവന്ന വ്യക്തിയാണ് ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്. അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാനാണ് രോഗിയെ കൊണ്ടുവന്നത്. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിമുഴക്കി. അക്രമാസക്തമായ വ്യക്തിയെ ആശുപത്രി ജീവനക്കാര്‍ കെട്ടിയിട്ടു.
പരാതി കൊടുത്തിട്ടും നടപടി വൈകിയെന്ന് ഡോക്ടര്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത ഗാന്ധി നഗര്‍ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.






