
ചൂട് കാലാവസ്ഥയായ വേനല്‍ക്കാലത്ത് നിന്ന് വളരെ ആശ്വാസമാകുന്ന കാലാവസ്ഥയിലേക്കുള്ള ഒരു മാറ്റമാണ് മഴക്കാലം. ആരോഗ്യകാര്യത്തിലും, സൗന്ദര്യകാര്യത്തിലുമൊക്കെ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. മഴക്കാലത്ത് പലരും ശ്രദ്ധിയ്ക്കാതെ പോകുന്ന ഒന്നാണ് പാദങ്ങളുടെ സംരക്ഷണം. പാദങ്ങള്‍ക്ക് എപ്പോഴും നനവ് ഉണ്ടാകാന്‍ സാധ്യതയുള്ള സമയമാണ് മഴക്കാലം. സ്ഥിരമായി അഴുക്കുവെള്ളവും പൊടിയുമെല്ലാം കാല്പ്പാദങ്ങളില് പറ്റിയാല്‍ കാലുകള്‍ക്ക് അലര്‍ജിയും രോഗങ്ങളും ഉണ്ടാക്കും. പാദങ്ങളുടെ സംരക്ഷണം മഴക്കാലത്ത് എങ്ങനെ വേണമെന്ന് മനസിലാക്കാം...
നഖങ്ങള്‍ വെട്ടി വൃത്തിയാക്കാം - മഴക്കാലം ആണെങ്കിലും അല്ലെങ്കിലും കാലിലെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിയ്്ക്കണം. മഴക്കാലത്ത് കാലിലെ നഖങ്ങള്‍ നീട്ടി വളര്‍ത്തിയാല്‍, കൂടുതല്‍ ഈര്‍പ്പം തട്ടി നഖങ്ങള്‍ അലര്‍ജിയുണ്ടാകും. ഇതുവഴി പലതരം രോഗങ്ങളും ഉണ്ടായേക്കാം. അതിനാല്‍ നഖങ്ങള്‍ എപ്പോഴും വെട്ടി വൃത്തിയാക്കണം.
അനുയോജ്യമായ ചെരുപ്പുകള്‍ തിരഞ്ഞെടുക്കാം - മഴക്കാലത്ത് പ്രധാനമായും കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുള്ള ചെരുപ്പുകള്‍ വേണം ഉപയോഗിക്കേണ്ടത്. ഉചെരുപ്പുകള് വെള്ളം കെട്ടിനില്ക്കുന്നവയാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കാം. പെട്ടന്ന് വെള്ളം വലിയുന്നതും എളുപ്പത്തില്‍ കഴുകി വൃത്തിയാക്കാന്‍ കഴിയുന്നതുമായ ചെരുപ്പുകളാണ് ഉപയോഗിക്കേണ്ടത്. ചെരുപ്പുകളില് വെള്ളം കെട്ടിനിന്നാല്‍ അവ കാലുകള്‍ കൂടുതല്‍ സമയം ഈര്പ്പത്തിലായിരിക്കാനും അതുവഴി പലതരം അലര്‍ജി രോഗങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകും.
ഈര്‍പ്പമില്ലാതെ സംരക്ഷിക്കാം - കാലുകള്‍ എപ്പോഴും നനയുന്നത് മഴക്കാല സമയത്ത് പൂര്‍ണമായും ഒഴിവാക്കാനാവില്ല. ഓരോ യാത്ര കഴിയുമ്പോഴും കാലുകള്‍ കഴുകി വൃത്തിയാക്കാനും നനവ് തുടച്ചു മാറ്റാനും ശ്രദ്ധിയ്ക്കണം. കാലുകള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുന്നത് വഴി അലര്‍ജി രോഗങ്ങള്‍ ഒഴിവാക്കാം.
മോയ്ചറൈസിംഗ് ക്രീം ഉപയോഗിക്കാം - മഴക്കാലത്ത് കാലുകള്‍ നല്ല രീതിയില്‍ കഴുകി വൃത്തിയാക്കി തുടച്ചതിനു ശേഷം ഏതെങ്കിലും നല്ല മോയ്ചറൈസിംഗ് ക്രീം ഉപയോഗിക്കുക. ഇത് കാല്‍പ്പാദങ്ങളിലെ ചര്‍മം കൂടുതല്‍ മൃദുവാക്കുകയും കാലുകള്‍ സുന്ദരമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
കാല്‍പ്പാദം വൃത്തിയാക്കി സൂക്ഷിക്കാം - സ്ഥിരമായി ഈര്‍പ്പം തട്ടുന്ന കാലുകള്‍ക്ക് കൃത്യമായ സംരക്ഷണം നല്‍കണം. അലര്‍ജിയും ഫംഗസ് രോഗങ്ങളും ഒഴിവാക്കുന്നതിനായി പാദങ്ങള്‍ നല്ല രീതിയില്‍ വൃത്തിയാക്കുക. ഇതിനായി എല്ലാ ആഴ്ചയിലും ഇളം ചൂടുവെള്ളത്തില്‍ കാലുകള്‍ പത്തോ ഇരുപതോ മിനുട്ട് മുക്കി വെക്കണം. ഈ വെള്ളത്തില്‍ കുറച്ച് ഉപ്പും അല്പം ഷാംപൂവും ചേര്‍ത്താല്‍ അത് ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ചര്‍മത്തെ മൃദുവാക്കുന്നതിനും സഹായിക്കുന്നു. ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് അതില്‍ കാലുകള്‍ മുക്കി വെക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.






