
മിക്കവരും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നവരാണ്. എന്നാല്‍ അവയൊക്കെ ഉപയോഗിച്ച് പണി വാങ്ങിയിരിയ്ക്കുകയാണ് മുംബൈ സ്വദേശിയായ ഒരു യുവതി. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. വിലകൂടിയ ഫേഷ്യല്‍ സ്കിന്‍ കെയര്‍ ട്രീറ്റ്മെന്റിന് ശേഷം യുവതിയുടെ മുഖത്ത് പൊള്ളലേറ്റതായാണ് പരാതി.
17,500 രൂപയ്ക്ക് ഹൈഡ്രാ ഫേഷ്യല്‍ ആണ് യുവതി ചെയ്തത്. ഫേഷ്യല്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ മുഖത്ത് അസ്വസ്ഥത അനുഭവപ്പെട്ടതായി ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ അത് കാര്യമായി എടുത്തില്ലെന്നും അലര്‍ജി കാരണമാകാം ഇങ്ങനെ ഉണ്ടായതെന്നും ജീവനക്കാര്‍ യുവതിയോട് പറഞ്ഞു.
ഫേഷ്യല്‍ ക്രീമുകള്‍ ഉപയോഗിച്ചതിന് പിന്നാലെ യുവതിയുടെ മുഖത്ത് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും, പുകച്ചില്‍ ഉണ്ടാവുകയും ചെയ്തു. പിന്നീട് യുവതിയുടെ മുഖത്ത് പാടുകള്‍ ആയി. മുഖത്ത് പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ മുഖത്തെ പാടുകള്‍ മാറാന്‍ പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതി പൊലീസിനെ സമീപിച്ചത്. സലൂണ്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.






