
മുംബൈ: രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളില്‍ നിന്നുള്ള കടം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30% വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒരു വര്ഷെത്ത ബാങ്ക് വായ്പകയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇരട്ടിയാണിത്. ഇതാദ്യമായാണ് ക്രെഡിറ്റ് കാര്‍ഡ് ഔട്ട്സ്റ്റാന്‍ഡിംഗ് 2,00,258 കോടിയിലെത്തുന്നത്. ഈ ഏപ്രില്‍ മാസത്തെ കണക്കാണിത്. എന്നാല്‍ ഈടില്ലാത്ത ബാങ്ക് വായ്പകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതില്‍ ആശങ്കപ്പെടാനില്ലെന്നാണ് കമ്പനികളുടെ നിലപാട്.
ഉപഭോക്താക്കളുടെ കടബാധ്യത വര്‍ധിക്കുന്നത് മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ് കടം കൂടാന്‍ കാരണം. തിരിച്ചടവുകളും പണപ്പെരുപ്പം ഉയരുന്നതുമെല്ലാം ഇതിനെ ബാധിക്കുന്നു. കണ്‍സ്യുമര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വെറും 1.3 ലക്ഷം കോടിയുടെ ഉപയോഗം മാത്രമാണ് വന്നിരിക്കുന്നതെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
വിലക്കയറ്റത്തെ തുടര്‍ന്ന് ആളുകള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പണം മുടക്കേണ്ടിവരുന്നു. ഇതോടെ പലരും ക്രെഡിറ്റ് കാര്‍ഡുകളെ ആശ്രയിക്കുകയാണ്.
ബാങ്ക് ബാധ്യത മൊത്തത്തില്‍ പരിശോധിച്ചാല്‍ വ്യക്തിഗത വായ്പയുടെ 1.4% വരും കാര്‍ഡ് ബാലന്‍സ്. ഭവന വായ്പകളും (14.1% ) വാഹന വായ്പകളും (3.7%) കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ക്രെഡിറ്റ് കാര്‍ഡ് കടം. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തായിരുന്നു ഇതിനു മുന്‍പ് ക്രെഡ് കാര്‍ഡ് കടം ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ചത്. 1.2% ആയിരുന്നു ഇത്. എന്നാല്‍ ബാങ്കുകള്‍ ചെറുകിട വ്യക്തിഗത വായ്പകള്‍ പ്രോത്സാഹിപ്പിച്ചതോടെ അത് ഒരു ശതമാനത്തില്‍ താഴെയെത്തി. 2019 മുതല്‍ ക്രെഡ് കാര്‍ഡ് കടം ഒരു ശതമാനത്തിനു മുകളിലാണ്. അത് ഇപ്പോഴും തുടരുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് കുറച്ചുകൂടി വിശദമായ പരിശോധനകള്‍ക്കു ശേഷമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും ഒന്നിലേറെ കാര്‍ഡുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ലോകത്ത് ഏറ്റവും കുറവ് കാര്‍ഡ് ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനസംഖ്യ അനുപാതം നോക്കിയാല്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് കാര്‍ഡ് ഹോള്‍ഡേഴ്സ്. മറ്റു പല വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെന്നും വിദഗ്ധര്‍ പറയുന്നു.






