
കൊച്ചി: കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പോലീസ്കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇയാളുടെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.
കടവന്ത്ര പോലീസ് ഇന്നലെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതോടെ മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകുകയായിരുന്നു.
പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്യുന്നതിന് പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ. കണ്ണൂർ സ്വദേശിയാണ്.
മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തക തേടിയിരുന്നു. രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിസാറിന്റെ പെരുമാറ്റ രീതി മാറി അശ്ലീല സന്ദേശം അയക്കാൻ തുടങ്ങി. മാധ്യമ പ്രവർത്തക വിലക്കിയിട്ടും നിസാർ പിന്മാറിയില്ല. തുടർന്ന് പോലീസ് പരാതി നൽകുകയായിരുന്നു.






