
നമ്മള് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു വിഭവമാണ് തൈര്. പോഷകഗുണങ്ങളുടെ കലവറ കൂടിയാണ് തൈര്. തെരിലെ ഉയര്‍ന്ന കാത്സ്യം ഓസ്റ്റിയോപൊറോസിസ് പോലുള്ള വിട്ടു മാറാത്ത രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്റെ മികച്ച ഉറവിടമായ തൈരില്‍ നമ്മുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ചൂട് കാലത്ത് മിക്ക ആളുകളും തൈര് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും മഴക്കാലത്ത് തൈര് ദിവസവും കഴിയ്ക്കാന്‍ സാധിയ്ക്കുമോയെന്നത് പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ്.
ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത് -ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത് ശരീരത്തിലെ മൂന്ന് ദോഷങ്ങളായ വാത, പിത്തം, കഫം എന്നിവ സന്തുലിതമാക്കാന്‍, നാം ശരിയായ ദൈനംദിന ഭക്ഷണവും പാനീയവും പാലിക്കണം. രാത്രിയില്‍ തൈര് കഴിക്കരുത്. കാരണം പുളിച്ച തൈര് ശരീരത്തില്‍ കഫദോഷം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ, മഴക്കാലത്തും മഞ്ഞുകാലത്തും രാത്രിയില്‍ തൈര് കഴിക്കുന്നത് മൂലം പെട്ടെന്നുള്ള ജലദോഷം, മൂക്ക് പൊട്ടല്‍, നെഞ്ചുവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മഴക്കാലത്ത് അമിതമായി തൈര് കഴിച്ചാല്‍ സംഭവിയ്ക്കുന്നത് - മഴക്കാലത്ത് അമിതമായി തൈര് കുടിച്ചാല്‍ ജലദോഷം, ചുമ, കഫ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. തൊണ്ടവേദനയും നെഞ്ചില്‍ കഫം ഉണ്ടാകാനും കാരണമാകുന്നു. കൈകാലുകളുടെ സന്ധികളില്‍ വേദന പ്രത്യക്ഷപ്പെടാം. ഇത് മാത്രമല്ല, വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മഴക്കാലത്ത് അമിതമായി തൈര് കഴിക്കാതിരിക്കുന്നതായിരിക്കും എപ്പോഴും നല്ലത്.
തൈര് എങ്ങനെ കഴിക്കണം - മഴക്കാലത്ത് തൈര് ദിവസവും കഴിക്കരുത്. പ്രത്യേകിച്ച് പുളി കൂടുതലുള്ള തൈര് ഒഴിവാക്കണം. കാരണം, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. തൈര് ചൂടാക്കുകയോ തിളപ്പിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍, തൈരില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകളും നല്ല ഗുണങ്ങളും നഷ്ടപ്പെടും.






