
ആലപ്പുഴ: എഐ ക്യാമറയുടെ കണ്ണ് വെട്ടിക്കാന്‍ ഗ്രീസ് വച്ചൊരു നുറുക്കുവിദ്യ ചെയ്തതിന് പിന്നാലെ പിടിയിലായി ഗുഡ്സ് ട്രെയിലര്‍. ആലപ്പുഴയിലാണ് നമ്പര്‍പ്ലേറ്റില്‍ ഗ്രീസ് തേച്ച് മറച്ച നിലയില്‍ ട്രെയിലര്‍ വാഹനം എംവിഡി പിടികൂടിയത്. ആലപ്പുഴ കൊമ്മാടി ബൈപ്പാസ് പ്ലാസയിൽ കൈകാണിച്ചിട്ടും നിർത്താതെ പോയതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ട്രെയിലറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വാഹനത്തിന് പിഴയീടാക്കി. തമിഴ്നാട്ടിലെ ഹൊസൂർ പ്ലാന്റിൽനിന്നു വാഹനങ്ങൾ കയറ്റിവന്നതാണ് ട്രെയിലര്‍ ലോറി. പിറകിലെയും വശങ്ങളിലെയും നമ്പർ പ്ലേറ്റുകൾ ഗ്രീസ് പുരട്ടി മറച്ച നിലയിലായിരുന്നു.
സ്റ്റോപ്പ് സിഗ്നൽ നൽകിയിട്ടും നിർത്താതെ വാഹനം തെക്ക് ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്തുടർന്നെത്തിയ എംവിഡി കളർകോട്ട് വച്ചാണ് വാഹനം തടഞ്ഞുനിർത്തിയത്.നമ്പർപ്ലേറ്റിൽ വായിക്കാൻ പറ്റാത്ത തരത്തിൽ തേച്ച കറുത്ത ഗ്രീസ് നീക്കിച്ച ശേഷമാണ് 6,000 രൂപ പിഴയീടാക്കിയത്.
എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽനിന്ന് ഒഴിവാകുന്നതിനും ലെയ്ൻ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നതിനും പല വാഹനങ്ങളിലും ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റോണി ജോസ് വർഗീസ്, എ. നജീബ് എന്നിവർ പറഞ്ഞു.






