
വാഹനാപകടത്തില്‍ മിമിക്രി കലാകാരനും അഭിനേതാവുമായ കൊല്ലം സുധി ഇല്ലാതായത് ഇപ്പോഴും ആരാധകര്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. സുധിയുടെ വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ വീട്ടുകാരും കരകയറിയിട്ടില്ല. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളായ പലരും സുധിയുടെ വേര്‍പാടിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും കുറിപ്പുകളെഴുതിയിരുന്നു, വീഡിയോയും ചെയ്തിരുന്നു. സുധിയുടെ മരണം വിറ്റു കാശാക്കരുതെന്ന് അത് കണ്ടിട്ട് പല ആരാധകരും കമന്റുകളുമിട്ടു. ഇപ്പോഴിതാ കൊല്ലം സുധിയുടെ വേര്‍പാടിനു ശേഷം സ്റ്റാര്‍ മാജിക്കിന്റെ വേദിയിലെത്തിയിരിക്കുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. സോഷ്യല്‍ മീഡിയയിലൂടെ ചാനലിന്റെ പേജില്‍ ഈ എപ്പിസോഡിന്റെ പ്രൊമോയും പോകുന്നുണ്ട്. അതിനു താഴെയും ആ കുടുംബത്തിന്റെ കണ്ണീര് കാശാക്കരുതെന്ന് ആരാധകര്‍ കമന്റുകളിടുന്നുണ്ട്.
രണ്ട് വര്‍ഷം മുമ്പ് സുധിയുടെ കയ്യും പിടിച്ച് രണ്ട് മക്കള്‍ക്കൊപ്പം വളരെ സന്തോഷത്തോടെ സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ വന്നിരുന്നു രേണു. തന്റെ വാവകുട്ടനേയും ഋതപ്പനേയും കിച്ചുകുട്ടനേയും അന്ന് സുധി പ്രേക്ഷകര്‍ പരിചയപ്പെടുത്തിയ ദൃശ്യങ്ങള്‍ ഇപ്പോഴും ആരാധകരുടെ കണ്ണില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. അതേ വേദിയിലേക്ക് ഒരിക്കല്‍ കൂടി സുധിയില്ലാതെ മക്കള്‍ക്കൊപ്പം രേണു എത്തി. തങ്ങള്‍ക്ക് കാത്തിരിക്കാനും വാവക്കുട്ടായെന്ന് വിളിച്ച് ചിരി തൂകി ഓടി വരാനും ഇനിയുള്ള കാലം സുധിയില്ലല്ലോ എന്നതാണ് രേണുവിനെ ഏറ്റവും കൂടുതല്‍ തളര്‍ത്തുന്നത്. സുധിയില്ലാത്ത സ്റ്റാര്‍ മാജിക്കിന്റെ വേദിയിലേക്ക് വിങ്ങിപ്പൊട്ടുന്ന ഹൃദയവും നിറകണ്ണുകളുമായാണ് രേണു മക്കളെയും ചേര്‍ത്ത് പിടിച്ച് എത്തിയത്.
സുധിയുടെ കുടുംബം സ്റ്റാര്‍ മാജിക്കിന്റെ വേദിയിലേക്ക് വീണ്ടും എത്തിയതിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്. ‘ഏട്ടാ... ഞങ്ങള്‍ വീണ്ടും വന്നു. ഏട്ടന് ഇല്ലാത്ത ഏട്ടന്റെ സ്റ്റാര്‍ മാജിക്കിലേക്ക്.... ഏട്ടന് കണ്ടോ ഞങ്ങളെ....’ എന്ന കുറിപ്പോടെയായാണ് രേണു പ്രമോ വീഡിയോ പങ്കുവെച്ചത്.
അച്ഛൻ ഷൂട്ടിന് പോയതാണെന്നാണ് കൊല്ലം സുധിയെ കുറിച്ച് ലക്ഷ്മി നക്ഷത്ര ചോദിച്ചപ്പോള്‍ ഇളയ മകൻ മൂന്ന് വയസുകാരൻ ഋതുല്‍ പറഞ്ഞത്. സ്റ്റാര്‍ മാജിക്കില്‍ ഇപ്പോഴും ഏട്ടനുണ്ടെന്നാണ് നിറകണ്ണുകളോടെ ഭാര്യ രേണു പറഞ്ഞത്. ‘ഒരു കലാകാരന് അരങ്ങൊഴിയുമ്പോള്‍ അവനെ ഓര്‍ത്ത് ദുഖിക്കാനും വേദന പൊഴിക്കാനും കുറച്ച് പേരെങ്കിലുമുണ്ടെങ്കില്‍ അവനൊരു വലിയ കലാകാരനായിരിക്കുമെന്നാണ് പറയപ്പെടുന്നതെന്നാണ്...’, അതിഥിയായെത്തിയ ഗിന്നസ് പക്രു പറഞ്ഞത് ഇങ്ങനെയാണ്. സുധിയുടെ പ്രിയ സഹപ്രവര്‍ത്തകരെല്ലാം താരത്തിന്റെ കുടുംബത്തെ കണ്ടതോടെ സങ്കടകടലിലായി.
സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് പണിയുക എന്നത്. ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഫ്ലവേഴ്സ്, ട്വിന്റി ഫോര്‍ ടീം. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് തൃശ്ശൂരിലാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. സുധി അടക്കം നാല് പേര് സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. അതില്‍ സുധിക്ക് ജീവൻ നഷ്ടപ്പെട്ടു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയ കലാകാരന്മാര്ക്ക് ഗുരുതരമായി പരിക്കേറ്റു.
തന്റെ കണ്ണില്‍ നിന്ന് സുധിയുടെ അവസാന നിമിഷങ്ങള്‍ മായുന്നില്ലെന്നാണ് ബിനു അടിമാലി അടുത്തിടെ പറഞ്ഞത്. രേണു വീഡിയോ പങ്കുവെച്ച് എത്തിയതോടെ നിരവധി ആരാധകരാണ് ആശ്വാസവാക്കുകളുമായി എത്തിയത്. ‘രേണു ഇങ്ങനെ കരയല്ലേ.... മക്കളുണ്ടല്ലോ കൂടെ. അവരുടെ കാര്യങ്ങള്‍ നോക്കണ്ടേ, നിങ്ങളൊക്കെ ഇങ്ങനെ വിഷമിക്കുന്നത് കാണുമ്പോള്‍ സുധിച്ചേട്ടന് വേദനിക്കും.’
‘നിങ്ങളെ വിട്ടുപിരിയാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ല, എപ്പോഴും അദ്ദേഹം നിങ്ങളുടെ കൂടെത്തന്നെയുണ്ടെന്ന്’ എല്ലാം പറഞ്ഞാണ് ആരാധകര്‍ രേണുവിനെ ആശ്വസിപ്പിച്ചത്. സുധിയുടെ കുടുംബത്തിന്റെ കണ്ണുനീര് വിറ്റ് ചാനല്‍ കാഴ്ചക്കാരെ കൂട്ടാൻ ശ്രമിക്കുകയാണെന്നും ചില പ്രേക്ഷകര്‍ പുതിയ പ്രമോ വന്നതോടെ വിമര്‍ശിക്കുന്നുണ്ട്.






