
ഒന്നുമറിയാതെ പെട്ടന്നുറങ്ങിപ്പോകുന്ന ആളുകളെ കുറിച്ച് കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാകും. നോവലുകളിലും കഥകളിലുമൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ കൂടുതലായും കാണാന്‍ കഴിയുന്നത്. അപുര്‍വ്വം ചില അസുഖങ്ങളുടെ ഭാഗമായി വര്‍ഷങ്ങളോളം ഉറങ്ങിപ്പോകുന്ന ആളുകളെ കുറിച്ചുള്ള വാര്‍ത്തകളും ഏറെ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു ഗ്രാമത്തിലെ നിരവധി ആളുകളാണ് അപ്രതീക്ഷിതമായി ഉറങ്ങിക്കൊണ്ടിരിക്കുന്നത്.
കസാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിലെ ആളുകള്‍ക്കിടയിലാണ് ഈ വിചിത്രമായ ഉറക്കം കാണുന്നത്. കലാച്ചി, ക്രോസ്നോഗോര്സ്ക് ഗ്രാമങ്ങളിലെ ആളുകളാണ് ഇതില്‍ ഭൂരിഭാഗവും. ദിവസവും ചെയ്തു കൊണ്ടിരിക്കുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്ത് കൊണ്ടിരിക്കവെ ആയിരിക്കും പെട്ടെന്ന് അവര്‍ ഉറങ്ങിപ്പോവുന്നത്. അതില്‍ തന്നെ ദിവസങ്ങളോളം ഉണരാതിരിക്കുന്ന ആളുകളും ഉണ്ട്. അത് മാത്രമല്ല, ഉറങ്ങി എണീറ്റ് കഴിയുമ്പോള്‍ അവര്‍ പല കാര്യങ്ങളും കുറച്ച് നേരത്തേക്ക് മറന്നുപോകുന്നു. അതുപോലെ, ക്ഷീണം, തലവേദന തുടങ്ങിയവ അനുഭവപ്പെടുന്നതായും പലരും പരാതിയില്‍ വെളിപ്പെടുത്തി.
2013 -ലാണ് ആദ്യമായി ഇവരില്‍ ഈ വിചിത്രമായ ഉറക്കം കണ്ടുവരുന്നത്. രണ്ട് ഗ്രാമങ്ങളിലും കൂടി ജനസംഖ്യ 810 ആണ്. ജോലി ചെയ്ത് കൊണ്ടിരിക്കെ 140 പേരാണ് ഉറങ്ങിപ്പോയത്. അതുപോലെ ചിലര്‍ തുടര്‍ച്ചയായി ഒരാഴ്ച വരെയൊക്കെ ഉറങ്ങിയവരുണ്ട്. ചില കുട്ടികള്‍ സ്കൂളില്‍ ഉറങ്ങിപ്പോയി. ചെറുപ്പക്കാരിലും പ്രായമാവരിലും ഇത് പ്രത്യക്ഷപ്പെട്ടു. അതുപോലെ ഇങ്ങനെ ഉറങ്ങുന്നവര്‍ തങ്ങള്‍ ദുസ്വപ്നങ്ങള്‍ കാണുന്നു എന്നും പറയാറുണ്ടായിരുന്നു. അടുത്തിടെയാണ് എന്താണ് ഈ വിചിത്രമായ ഉറക്കത്തിന് കാരണം എന്നതിന് യുക്തിസഹമായ ഒരു വിശദീകരണം കണ്ടെത്തുന്നത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട സമീപത്തെ യുറേനിയം ഖനികളാണ് ഇതിന് കാരണം എന്നതാണ് പുതിയ കണ്ടെത്തല്‍. ഇതിന്റെ സാന്നിധ്യമാണ് ഉറക്കത്തിന് കാരണം എന്നാണ് നിലവിലെ വിശദീകരണം.






