
വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു.
ബിരുദാനന്തര ബിരുദം, ഡി.എല്‍.ഇ.ഡി, ബി.എഡ്, തുടങ്ങിയ കോഴ്സുകള്‍ അവസാന സെമസ്റ്റര്‍ പഠിച്ചുകൊണ്ടിരിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ താമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കാന്‍ സാധിയ്ക്കാത്ത സാഹചര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
സര്‍വകലാശാലകള്‍ പ്രവേശന പ്രക്രിയ പൂര്‍ത്തീകരിക്കുന്ന സമയം വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കുന്നതെന്നും മന്ത്രി ഡോ. ആര്. ബിന്ദു വ്യക്തമാക്കി.






