
‘റോജ’ എന്ന ഒറ്റ സിനിമ മാത്രം മതി മധു എന്ന അഭിനേത്രിയെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കാന്‍. റോജ, യോദ്ധ, സാലിം, യശ്വന്ത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടം പിടിച്ച നായിക 90കളില്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കമ്പോഴാണ് താരം വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. ഇപ്പോഴിതാ താന്‍ എന്തിനാണ് ബ്രേക്ക് എടുത്തതെന്ന് തുറന്നു പറയുകയാണ് പ്രേക്ഷകരുടെ പ്രിയതാരം. 90കളില്‍ ബോളിവുഡില്‍ ഉണ്ടായിരുന്നത് നായകമേധാവിത്വമാണെന്നും, തനിക്ക് കിട്ടിയിരുന്നത് രണ്ടോ മൂന്നോ റോമാന്റിക് ഡയലോഗുകള്‍ പറയാനും കരയാനുമായുള്ള കഥാപാത്രങ്ങളാണെന്നും മധു പറയുന്നു.
‘‘90കളില്‍ ബോളിവുഡ് നായകന്മാരുടെയും ആക്ഷൻ സ്റ്റോറികളുടെയും കാലമായിരുന്നു. അന്ന് എനിക്ക് കിട്ടിയിരുന്ന കഥാപാത്രങ്ങള്‍ക്ക് രണ്ട് മൂന്ന് റൊമാന്റിക് ഡയലോഗുകള്‍ പറയാനുണ്ടാകും, കുറച്ചു കണ്ണീര് പൊഴിക്കും, നൃത്തം ചെയ്യും. മടുപ്പ് കാരണമാണ് സിനിമ വിട്ടത്. ബോളിവുഡില്‍ സിനിമ ചെയ്യുമ്പോള്‍ റോജ പോലുള്ള സിനിമകളില്‍ നിന്നുള്ള മാറ്റം എന്നെ വല്ലാതെ മടുപ്പിക്കുന്നുണ്ടായിരുന്നു.
എത്ര പ്രായമായാലും നായകനാകാം എന്നാല്‍ സ്ത്രീകള്‍ക്ക് പ്രായമായാല്‍ സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാൻ ബുദ്ധിമുട്ടാണ്...’’ മധു പറയുന്നു. അജയ് ദേവ്ഗണിനൊപ്പം 1991ല്‍ ‘ഫൂല് ആര് കാന്തേ’ എന്ന ചിത്രത്തിലൂടെയാണ് താരം ബോളുവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മുംബൈയില്‍ താമസമായതോടെയാണ് താരം ബോളിവുഡിലേക്ക് ചേക്കേറിയത്. ‘‘ഞാനും അദ്ദേഹവും ഏതാണ്ട് ഒരുമിച്ച് സിനിമയില്‍ വന്നവരാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിക്കേണ്ട സാഹചര്യം വന്നു. അത് എനിക്ക് താല്പര്യമില്ല. സിനിമ വിടാൻ വിവാഹം എനിക്ക് ഒരു കാരണമായിരുന്നു. ഞാൻ സിനിമ വിടുന്നു എന്ന് കത്തെഴുതി സിനിമയിലുള്ള എല്ലാവരെയും അറിയിച്ചു. ആ പ്രായത്തില്‍ തോന്നിയ ദേഷ്യമായിരുന്നു അന്ന് കത്ത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്റെ കരിയറില്‍ എനിക്ക് ഒരുപാട് ചെയ്യണമെന്ന് ഉണ്ടായിരുന്നു എന്നാല്‍ അന്ന് അവര്‍ എന്നെ അര്‍ഹിക്കുന്നില്ലെന്ന് തോന്നി. പിന്നീട് വിവാഹിതയായി, ജീവിതം അങ്ങനെ മുന്നോട്ട് പോയി. സിനിമ വിട്ടപ്പോഴാണ് ഞാൻ കലാകാരിയാണെന്ന തോന്നല്‍ ഉണ്ടായത്. സിനിമയിലേക്ക് തിരിച്ചു വരണമെന്നും മികച്ച കഥാപാത്രങ്ങള്‍ ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. അടിത്തിടെ അജയ് ദേവ്ഗണിനൊപ്പം മികച്ച ഒരു കഥാപാത്രത്തെ തബു അവതരിപ്പിച്ചത് കണ്ടപ്പോള്‍ സന്തോഷം തോന്നി. തിയറ്ററുകളിലേക്ക് ആളുകളെ കയറ്റണമെന്ന ചിന്തയില്‍ കഥ എഴുതുന്നതില്‍ നിന്നും തിരക്കഥ കൃത്തുക്കളുടെ ചിന്താഗതി മാറ്റാൻ വെബ് സ്പേയ്സിന് സാധിച്ചിട്ടുണ്ട്...’’ മധു പറയുന്നു. ചെന്നൈയില്‍ വെച്ച് നടന്ന പ്രൈം വിഡിയോയുടെ മൈത്രി: ഫീമെയില്‍ ഫസ്റ്റ് കളക്ടീവ് എന്ന പരിപാടിയിലാണ് താരം ഇങ്ങനെ സംസാരിച്ചത്. സ്മൃതി കിരണ്‍ അവതരിപ്പിക്കുകയും ക്രിയേറ്റ് ചെയ്യുകയും ചെയ്യുന്ന മൈത്രിയില്‍ ഐശ്വര്യ രാജേഷ്, മാളവിക മോഹനന്, അപര്‍ണ്ണ പുരോഹിത്,രേശ്മ ഖട്ടാല, സ്വാതി രഘുരാമന്, യാമിനി യഗ്നമൂര്‍ത്തി എന്നിവര്‍ക്കൊപ്പമാണ് മധു ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
സ്വീറ്റ് കാരം കോഫി എന്ന വെബ് സീരീസാണ് മധുവിന്റെതായി ഇനി പുറത്തു വരാനിരിക്കുന്നത്. സ്വാതി രഘുരാമന് സംവിധാനം ചെയ്യുന്ന സീരീസ് യാമിനി യാഗ്നാമൂര്ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.






