
തേന്‍ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ഭക്ഷണാവശ്യങ്ങള്‍ക്കു മാത്രമല്ല തേന്‍ വെറുതെ കഴിക്കാനും എല്ലാം ഇഷ്ടപ്പെടുന്നവരുമുണ്ട്. എന്നാല്‍ പണ്ട് കാലങ്ങളില്‍ ശുദ്ധമായ തേന്‍ ആണ് ലഭ്യമായിരുന്നെങ്കില്‍ ഇന്ന് വാങ്ങുന്ന തേന്‍ ആകട്ടെ ആളുകള്‍ക്ക് വിശ്വാസയോഗ്യമല്ല എന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് തന്നെ പലപ്പോഴും നാം വാങ്ങിക്കുന്ന തേന്‍ 'ഒറിജിനല്‍' ആണോ അല്ലയോ എന്നത് നമുക്ക് തന്നെ നിശ്ചയമുണ്ടാകില്ല. തേന്‍ ശുദ്ധമാണോ അല്ലെങ്കില്‍ 'ഒറിജിനല്‍' ആണോ എന്നറിയാന്‍ ചില പൊടിക്കൈകളുണ്ടെന്ന് പറയപ്പെടാറുണ്ട്. എന്നാലീ പൊടിക്കൈകളെ കൂടി കവച്ചുവയ്ക്കുന്ന വിധം 'ഡ്യൂപ്ലിക്കേറ്റ്' തേന്‍ ഇറങ്ങുന്നുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഇപ്പോഴിതാ താന്‍ വില്‍ക്കുന്ന തേന്‍ ശുദ്ധമാണെന്ന് തെളിയിക്കുന്നതിന് ചില ട്രിക്കുകള്‍ കാണിക്കുന്ന കച്ചവടക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇദ്ദേഹം സഞ്ചരിച്ചുകൊണ്ടാണ് തേന്‍ വില്‍പ്പന നടത്തുന്നത്. ആദ്യം തേന്‍ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് പതിയെ ഒഴിക്കുന്നു. തേന്‍ 'ഡ്യൂപ്ലിക്കേറ്റ്' ആണെങ്കില്‍ തേന്‍ വെള്ളത്തില്‍ കലരുമെന്നാണ് ഇദ്ദേഹം പറയുന്നത്. മറിച്ചാണെങ്കില്‍ തേന്‍ വെള്ളത്തില്‍ കലരാതെ വെള്ളത്തിന് അടിയിലേക്കായി ഊറിപ്പോകും. ഇദ്ദേഹത്തിന്റെ തേന്‍ എന്തായാലും വെള്ളത്തില്‍ കലരുന്നില്ല.
അതുപോലെ തന്നെ ഒരു പത്ത് രൂപ നോട്ടില്‍ ഒരു സ്പൂണ്‍ തേനൊഴിച്ച ശേഷം അതിനിടയില്‍ തീപ്പെട്ടിയുരച്ച് കത്തിച്ച് പിടിക്കുന്നുണ്ട് ഇദ്ദേഹം. തേന്‍ 'ഒറിജിനല്‍' ആണെങ്കില്‍ ഇങ്ങനെ ചെയ്താലും നോട്ട് കത്തുകയില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഈ പൊടിക്കൈകളെല്ലാം കാണിച്ച് വില്പന പൊടിപൊടിക്കുകയാണ് ഇദ്ദേഹം. എന്നാല്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഭൂരിഭാഗം ആളുകളും ഈ പൊടിക്കൈകള്‍ പൊള്ളയാണെന്നാണ് വാദിക്കുന്നത്.






