
അമേരിക്കന്‍ ടെക് വ്യവസായിയായ ബ്രയാന്‍ ജോണ്‍സന്റെ ദിനചര്യയുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. തന്റെ ശരീരഘടന 18 വയസ്സുകാരന്റേതാക്കി മാറ്റുന്നതിനായി 45 കാരനായ ബ്രയാന്‍ ജോണ്സന് ശീലമാക്കിയിരിക്കുന്ന ദിനചര്യ ആരെയും അമ്പരപ്പിക്കുന്നതാണ്. പുലര്‍ച്ചേ ഉണര്‍ന്ന് വ്യായമങ്ങള്‍ ചെയ്യുന്ന ബ്രയാന്‍ രാവിലെ 11 മണിക്ക് ശേഷം ഒരു ഭക്ഷണവും കഴിക്കില്ല . 1977 കലോറി ഭക്ഷണം മാത്രമാണ് ഒരു ദിവസം കൃത്യം ബ്രയാന്‍ കഴിക്കുന്നതും.
വയസ്സ് കുറയ്ക്കുന്നതിനായി ബ്രയാന്‍ ജോണ്സണ് പ്രതിവര്‍ഷം 2 മില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്. ഇപ്പോള്‍ തന്റെ ഭക്ഷണ രീതിയെക്കുറിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് പുറത്തു വരുന്നത്. തന്റെ ഒരു ദിവസത്തെ അവസാന ഭക്ഷണം രാവിലെ 11 മണിക്ക് കഴിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ട് ബ്രയാന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ സംശയമുണര്‍ത്തിയത്. രാവിലെ 6 മുതല്‍ പകല്‍ 11 മണി വരെ ഒരോ ദിവസവും താന്‍ ഭക്ഷണം കഴിക്കൂവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതുവഴി തന്റെ ദഹനവ്യവസ്ഥയ്ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സമയം നല്‍കുകയാണന്നും അദ്ദേഹം പറഞ്ഞു.
'ബ്ലൂപ്രിന്റ് ' എന്നാണ് ബ്രയാന്‍ ജോണ്‍സന്റെ ആന്റി - ഏജിംഗ് പ്രോജക്റ്റിന് പേരിട്ടിരിക്കുന്നത്. ബിസിനസ് ഇന്‍സൈഡറിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രയാനും അദ്ദേഹത്തിന്റെ ഡോക്ടര്‍മാരും അവകാശപ്പെടുന്നത് ബ്രയാന്റെ പ്രായപരിധി മാറ്റാനുള്ള പദ്ധതി അദ്ദേഹത്തെ 37 വയസ്സുകാരന്റെ ഹൃദയത്തിലേക്കും ശ്വാസകോശത്തിന്റെ ശേഷി 18 വയസ്സുകാരനിലേക്കും എത്തിക്കാന്‍ സഹായിച്ചുവെന്നാണ്.






