
കാഴ്ചയില്‍ ആരുടെയും മനം മയക്കുന്ന വവ്വാലുകളാണ് ഏക്റ്റോഫില ആല്‍ബ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന 'ഹോണ്ടുറന്‍ വൈറ്റ്' ബാറ്റുകള്‍. കൈയില്‍ ഒതുങ്ങാവുന്ന ചെറിയ ഇനമാണ് ഇവ. ഇരു ചിറകുകളും ചേര്‍ത്ത് നാലിഞ്ച് നീളമാണ് ഇവയ്ക്ക് ഉണ്ടാവുക.
പൊതുവേ വവ്വാലുകള്‍ കറുത്ത നിറത്തിലാണ് കാണപ്പെടുന്നതെങ്കില്‍ ഇവ പൂര്‍ണമായും വെളുത്ത നിറത്തിലാണ്. ഇവയ്ക്ക് ആറു ഗ്രാം മാത്രമാണ് ഭാരമുളളത്. ഹോണ്ടുറന്‍ വൈറ്റ് ബാറ്റുകള്‍ക്ക് ഇളം മഞ്ഞനിറത്തില്‍ നേര്‍ത്ത ചെവികളും മൂക്കുമാണുളളത്. കാഴ്ചയില്‍ വ്യത്യസ്തരാണെങ്കിലും സ്വഭാവരീതികള്‍ സാധാരണ വവ്വാലുകളെപോലെയാണ് .
വവ്വാലുകളുടെ ഇഷ്ട ഭക്ഷണം പഴങ്ങളാണ്. വലിയ ഇലകള്‍ ഉപയോഗിച്ച് കൂടാരം ഉണ്ടാക്കി അതിനുള്ളിലാണ് ഇവര്‍ പകല്‍ സമയം കഴിച്ചുകൂട്ടുന്നത്. ഇതിനായി ഹെലികോണിയ ചെടികളെയാണ് ഇവ പ്രധാനമായും ആശ്രയിക്കുന്നത്. ഇവയുടെ ഇല വാഴയിലയുടേതിന് സമാനമാണ്. കൂടാരം നിര്‍മിക്കാനായി ഇലകളുടെ വശങ്ങളിലെ നാരുകള്‍ ഇവ കിടിച്ചുമുറിച്ചു നീക്കും. ഇതോടെ മധ്യഭാഗത്തുനിന്നും ഇല തലകീഴായി താഴേക്ക് തൂങ്ങിക്കിടക്കും.
വെയില് സമയങ്ങളില്‍ സൂര്യപ്രകാശം പതിക്കുമ്പോള്‍ ഇലയുടെ പച്ച നിറം ഇവയുടെ ശരീരത്തില്‍ പ്രതിഫലിക്കുന്നതിനാല്‍ ശത്രുക്കള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാനാവില്ല. പുതിയ ഇലക്കൂടാരം ഉണ്ടാക്കിയാണ് ഓരോ ദിവസവും ഹോണ്ടുറന്‍ ബാറ്റുകള്‍ താമസിക്കുന്നത്. ഇവയെ മധ്യ അമേരിക്കന്‍ രാജ്യങ്ങളായ നിക്കാരഗ്വ, ഹോണ്ടുറസ്, കോസ്റ്റാ റിക്ക, പനാമ എന്നിവിടങ്ങളിലെ മഴക്കാടുകളിലാണ് ധാരാളമായി കണ്ടുവരുന്നത്. 15 മുതല്‍ 20 വര്‍ഷം വരെയാണ് ഇവയുടെ ആയുര്‍ദൈര്‍ഘ്യം. വംശനാശ ഭീഷണി നേരിടാന്‍ സാധ്യതയുള്ള ജീവികളുടെ പട്ടികയിലാണ് ഇന്റര്‍നാഷനല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ കണക്കുകള്‍ പ്രകാരം ഹോണ്ടുറന്‍ വൈറ്റ് ബാറ്റുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.






