
ഗുരുവായൂരപ്പന് മഹീന്ദ്ര ഥാര്‍ കാണിക്കയായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഗുരുവായൂരപ്പന് പുതിയൊരു വാഹനം കൂടി സമ്മാനിച്ചിരിയ്ക്കുകയാണ് മഹീന്ദ്ര. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ XUV700 എസ്യുവിയാണ് ഗുരുവായൂരപ്പന് കാണിക്കയായി വീണ്ടും എത്തിയിരിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ XUV700 AX7 ടോപ്പ് എന്‍ഡ് ഓട്ടോമാറ്റിക് വേരിയന്റാണ് ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച്ച ഉച്ച പൂജയക്ക് ശേഷമാണ് കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ വാഹനം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. വെള്ള നിറത്തിലുള്ള XUV700 ആണ് കാണിക്കയായി നല്‍കിയത്. XUV700 AX7 ടോപ്പ് എന്‍ഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഏകദേശം 28.50 ലക്ഷം രൂപയോളമാണ് കേരളത്തില്‍ ഓണ്‍-റോഡ് വിലയായി മുടക്കേണ്ടി വരുന്നത്. വാഹന സമര്‍പ്പണത്തില്‍ ദേവസ്വം ചെയര്മാന് വികെ വിജയന് എസ്യുവിയുടെ താക്കോല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്പ്മെന്റ് വിഭാഗം മേധാവി ആര് വേലുസ്വാമിയില് നിന്ന് ഏറ്റുവാങ്ങി.
എംജി ഹെക്ടര്‍, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി ട്യൂസോണ്‍, ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി തുടങ്ങിയ സമാന വിലയുള്ള മിഡ്-സൈസ് എസ്യുവികള്‍ക്കൊപ്പം ഈ വിഭാഗത്തിലെ ഏറ്റവും ഫീച്ചര്‍ ലോഡ് ചെയ്ത മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര XUV700. മെര്‍സിഡീസ് കാറുകളില്‍ കാണുന്ന പോലെയുള്ള ഡ്യുവല്‍ സ്ക്രീന്‍ സജ്ജീകരണമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഇതില്‍ 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുമാണ് കമ്പനി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ആറ് തരത്തില്‍ ക്രമീകരിക്കാനാവുന്ന ഡ്രൈവര്‍ സീറ്റ്, 12-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, കണക്റ്റഡ്-ടെക് തുടങ്ങിയവയാണ് മഹീന്ദ്ര XUV700 എസ്യുവിയിലെ പ്രധാന ആകര്‍ഷണം. ഏഴ് എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, ESP, ISOFIX ആങ്കറുകള്‍, TPMS, 360-ഡിഗ്രി ക്യാമറ, ADAS പോലുള്ള സവിശേഷതകളാണ് മോഡലിലുള്ളത്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് തുടങ്ങിയവയും അതിലേറെയും സംവിധാനങ്ങളാണ് എസ്യുവിയുടെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തില്‍ (ADAS) മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.






