
ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ച് ഒടുവില്‍ കേരളാബ്ളാസ്റ്റേഴ്സ് ആ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. മഞ്ഞപ്പടയുടെ മികച്ച താരങ്ങളില്‍ ഒരാളും മലയാളിയുമായ സഹല്‍ അബ്ദുള്‍ സമദ് അടുത്ത സീസണില്‍ മോഹന്ബഗാന് സൂപ്പര്‍ജയന്റ്സിനായി കളിക്കും. താരത്തെ ക്ലബ്ബ് കൈമാറിയതായി സാമൂഹ്യമാധ്യമ പേജിലൂടെ ബ്ളാസ്റ്റേഴ്സ് വ്യക്തമാക്കി.
രണ്ടരകോടിയുടേതാണ് കൈമാറ്റമെന്നാണ് വിവരം. അതേസമയം ട്രാന്‍സ്ഫര്‍ ഫീ സംബന്ധിച്ച വിവരം ബ്ളാസ്റ്റേഴ്സ് പുറത്തുവിട്ടിട്ടില്ല. അഞ്ചുവര്‍ഷത്തെ കരാറിലാണ് താരം പോകുന്നതെന്നാണ് സൂചനകള്‍. ബ്ളാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചിട്ടുള്ളയാളാണ് സഹല്‍. പത്തു ഗോളുകളാണ് താരം മഞ്ഞപ്പടയുടെ കുപ്പായത്തില്‍ നേടിയത്. സഹല്‍ പോകുമ്പോള്‍ പ്രതിരോധനിരയ്ക്ക് കരുത്തുകൂട്ടി പകരം പ്രീതം കോട്ടാല്‍ ബ്ളാസ്റ്റേഴ്സിന്റെ നിരയില്‍ എത്തും. ഒരുകോടിയ്ക്കാണ് പ്രീതം കോട്ടാലിനെ കൈമാറുന്നത്.
എഎഫ്സി ചാംപ്യന്‍ഷിപ്പ് പോലെയുള്ളവ മുന്നില്‍ കണ്ട് കരുത്തു കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ബഗാന് പരിശീലകന് യുവാന്‍ ഫെറണ്ടോ സഹല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഒപ്പം കൂട്ടിയിരിക്കുന്നത്. നേരത്തേ ഇന്ത്യന്‍ നിരയിലെ യുവ പ്രതിരോധക്കാരന് അന്‍വര്‍ അലിയെ ബഗാന് ടീമില്‍ എത്തിച്ചിരുന്നു. അന്‍വര്‍ അലി വരുന്നതോടെ ആദ്യ ഇലവണില്‍ നിന്നും പ്രീതത്തിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്.






