
ലോകോത്തര ആഢംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ കാറുകളില്‍ എന്നും സവിശേഷ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുന്ന ബ്രാന്‍ഡാണ്. ഇപ്പോള്‍ കാറിന്റെ നിറം മാറുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു വീണ്ടും തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുകയാണ്. iX ഫ്ലോ എന്നാണ് ഈ ഫീച്ചറിന്റെ പേര്. വൈറ്റ്, ബ്ലാക്ക്, ഗ്രേ എന്നീ നിറങ്ങളിലേക്ക് തങ്ങളുടെ കാറിനെ മാറ്റാനാണ് ഈ ഫീച്ചര്‍ അനുവദിക്കുന്നത്. ഇതുസംബന്ധിച്ച ഒരു വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.
റോഡില്‍ വെച്ചായിരുന്നു കാറിന്റെ 'നിറംമാറ്റം'. എന്നാല്‍ ഈ വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. ബിഎംഡബ്ല്യു കാര്‍ റോഡിലൂടെ സഞ്ചരിയ്ക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക. ഇതിനിടെയാണ് കാര്‍ iX ഫ്ലോ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ള നിറമുണ്ടായിരുന്ന കാര്‍ വളരെ പെട്ടെന്നു തന്നെ ഗ്രേ നിറത്തിലേക്ക് മാറുന്നതാണ് കാണാവുന്നത്.
ബിഎംഡബ്ല്യുവിന്റെ iX ഫ്ലോ ഫീച്ചറിനെ കുറിച്ച് വാഹന മേഖലയില്‍ ആകര്‍ഷകമായ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് കമ്പനി തങ്ങളുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നത്.
ഈ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാറുകള്‍ കസ്റ്റമൈസ് ചെയ്യാനും പുത്തന്‍ ലുക്ക് നല്‍കാനും സാധിക്കും. നിറം മാറ്റുന്നതിനും കാര്‍ കസ്റ്റമൈസ് ചെയ്യാനും സഹായിക്കുന്ന മൈക്രോക്യാപ്സ്യൂളുകള്‍ അടങ്ങിയ ഇലക്ട്രോഫോറെറ്റിക് ഫിലിം കോട്ടിംഗ് ഉണ്ടെങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.






