
നിത്യോപയോഗ വസ്തുക്കള്‍ക്കായി ഓണ്‍ലൈന്‍ ആപ്പുകളെ ആശ്രയിക്കുന്ന കാലമാണിത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പലരും പറ്റിക്കപ്പെടാറുമുണ്ട്. കാരണം ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടിയെന്ന് വരില്ല, പകരം മറ്റെന്തിങ്കിലുമൊക്കെയായിരിക്കും കൈയ്യില്‍ കിട്ടുന്നത്. ഇത്തരം വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഏറെ ചര്‍ച്ചയാകുന്നത്. ഓണ്‍ലൈനായി ഒരുലക്ഷം രൂപയോളം വിലമതിക്കുന്ന ക്യാമറാ ലെന്‍സ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് കിട്ടിയത് കീന്‍വ സീഡാണ്.
ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമായി തുടരുന്നതിനിടയിലാണ് മറ്റൊന്നും കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആമസോണില്‍ നിന്ന് 90,000 രൂപ വിലമതിക്കുന്ന ഫോട്ടോഗ്രാഫി ലെന്‍സ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്കാണ് ഇപ്പോള്‍ കീന്‍വ സീഡ് പാഴ്സലായി ലഭിച്ചിരിക്കുന്നത്.അരുണ്‍ കുമാര്‍ മെഹര്‍ എന്നയാളാണ് സിഗ്മ 24-70 എഫ് 2.8 ലെന്‍സ് ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തത്. പക്ഷേ കയ്യില്‍ കിട്ടിയ പായ്ക്കറ്റ് തുറന്നു നോക്കിയപ്പോള്‍ കണ്ടതാകട്ടെ കീന്‍വ സീഡ്സും. താന്‍ ചതിക്കപ്പെട്ടതായി ആരോപിച്ച് ഇപ്പോള്‍ ആമസോണിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ കുമാര്‍ മെഹര്‍.
തട്ടിപ്പിനിരയായ വിവരം ട്വിറ്ററിലൂടെയാണ് ഇദ്ദേഹം പുറത്തുവിട്ടത്. തനിക്ക് ലഭിച്ച വസ്തുവിന്റെ ചിത്രവും മെഹര്‍ തന്റെ ആദ്യ ട്വീറ്റില്‍ അറ്റാച്ച് ചെയ്തു. ബ്രാന്‍ഡ് നാമം കണ്ടത് അനുസരിച്ച് കീന്‍വ സീഡുകള്‍ സൂക്ഷിച്ചിരുന്ന പെട്ടി യഥാര്‍ത്ഥത്തില്‍ സിഗ്മ ലെന്സുകളുടേതായിരുന്നുവെന്നും പക്ഷേ പാക്കേജ് തന്റെ കൈവശം എത്തുന്നതിനു മുന്‍പേ തുറന്നിരുന്നു എന്നുമാണ് മെഹര്‍ ട്വീറ്റില്‍ പറയുന്നത്. എത്രയും വേഗം പ്രശ്നം പരിഹരിക്കാന്‍ മെഹര്‍ ആമസോണിനോട് ആവശ്യപ്പെട്ടു. ഓര്‍ഡര്‍ ചെയ്ത ലെന്‍സ് വീണ്ടും അയക്കാന്‍ കഴിയുന്നില്ലെങ്കില്‍ പണം തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങള്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ് എന്നാണ് ആമസോണിന്റെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്ന മറുപടി.
Ordered a 90K INR Camera lens from Amazon, they have sent a lens box with a packet of quinoa seeds inside instead of the lens. Big scam by @amazonIN and Appario Retail. The lens box was also opened. Solve it asap. pic.twitter.com/oED7DG18mn
— Arun Kumar Meher (@arunkmeher) July 6, 2023






