
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി: സി.എം.ഡി. സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച ബിജു പ്രഭാകർ പുറത്തേക്കു തന്നെയെന്നു സൂചന. ബിജു പ്രഭാകറിനെതിരേതൊഴിലാളി സംഘടനകൾക്കു പുറമേ ധനവകുപ്പും കടുത്ത എതിർപ്പാണുയർത്തുന്നത്.
കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ ശ്രമിെച്ചന്ന് ആവർത്തിക്കുന്ന ബിജു പ്രഭാകറിനെതിരേ കടുത്ത നിലപാടിലേക്കാണ് ജീവനക്കാർ നീങ്ങുന്നത്. സി.എം.ഡി. പത്രസമ്മേളനത്തിൽ ആരോപിച്ച നൂറു കോടി രൂപയുടെ അഴിമതിക്കാര്യം എന്തായി എന്ന ചോദ്യവുമായി ജീവനക്കാർ രംഗത്തെത്തി.
കഴിഞ്ഞ ദിവസം പരസ്യക്കരാറുകാരിൽനിന്നും കൈക്കൂലി പണം കൈപ്പറ്റവെ വിജിലൻസ് അറസ്റ്റ് ചെയ്ത ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ എന്തു നടപടി കൈകൊണ്ടുവെന്ന ചോദ്യവും ജീവനക്കാർ ഉയർത്തുന്നുണ്ട്. അഴിമതിക്കാരായ നിരവധി പേർ കാലങ്ങളായി തലപ്പത്ത് വിലസുന്നതുകൊണ്ടാണ് കോർപ്പറേഷൻ ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നും എല്ലാ കുറ്റവും ജീവനക്കാരുടെയും ധനവകുപ്പിന്റെയും തലയിൽ ചാർത്തി കൈകഴുകാനുള്ള നീക്കം പൊളിക്കുമെന്നും യൂണിയനുകൾ പറയുന്നു.
സർക്കാരും ധനവകുപ്പും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ, കാര്യങ്ങൾ അറിയാവുന്ന ബിജു പ്രഭാകർ ധനവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയതിനെതിരേ കടുത്ത നടപടി വേണമെന്നു ധനവകുപ്പ് ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. കൃത്യസമയത്ത് സഹായിക്കാൻ ധനവകുപ്പ് തയാറാകാത്ത സാഹചര്യത്തിൽ ഓണത്തിന് ജീവനക്കാർക്ക് ശമ്പളവും അലവൻസും നൽകുന്നതു വെല്ലുവിളിയായേക്കുമെന്ന തരത്തിൽ സർക്കാരിലെ തന്നെ ഉന്നത ഉദ്യോഗസ്ഥൻ സംസാരിക്കുന്നത് ഉചിതമല്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
ഗതാഗതമന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി. വേണു എന്നിവരെ കണ്ട് സി.എം.ഡി. കസേരയിൽ തുടരാൻ താൽപര്യമില്ലെന്നു ബിജു പ്രഭാകർ അറിയിച്ചിരുന്നു. ഈ നടപടിയിലൂടെ ഗതാഗതവകുപ്പും ധനവകുപ്പും തമ്മിലുള്ള ഭിന്നത പുറത്തുവന്നെന്ന വിലയിരുത്തൽ സർക്കാരിനുമുണ്ട്.
അതേ സമയം, ഒരു വിഭാഗം ജീവനക്കാർ തന്നെ അഴിമതിക്കാരനാക്കാൻ ശ്രമം നടത്തിയെന്നു ബിജു പ്രഭാകർ പറഞ്ഞു. തന്റെ അച്ഛനെ മോശക്കാരനാക്കി ബസുകളിൽ പോസ്റ്റർ പതിപ്പിച്ചിട്ടും അവർക്കെതിരേ താൻ നടപടി എടുത്തില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരേയും നടപടിയുമായി പോയില്ല.- ബിജു പ്രഭാകർ പറഞ്ഞു.






