
ബാലതാരമായി തുടങ്ങി ഇന്നും മലയാള സിനിമയില്‍ തന്റേതായൊരു ഇടം നിലനിര്‍ത്തി പോകുന്ന താരങ്ങളില്‍ ഒരാളാണ് ബൈജു. നല്ല വേഷങ്ങള്‍ കിട്ടാതായപ്പോള്‍ ചെറിയൊരു ഇടവേളയെടുത്തെങ്കിലും തിരിച്ചു വരവിലൂടെ മലയാള സിനിമയ്ക്ക് മാറ്റി നിര്‍ത്താൻ കഴിയാത്ത താരമായി ബൈജു മാറി. മലയാളത്തിന്റെ തഗ്ഗ് സ്റ്റാര്‍ എന്നൊരു വിളിപ്പേരു കൂടിയുണ്ട് താരത്തിന്. കൗണ്ടറടിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുന്നതിലുള്ള താരത്തിന്റെ കഴിവ് പല അഭിമുഖങ്ങളിലൂടെയും ചാനല്‍ ഷോകളിലൂടെയും ആരാധകര്‍ അടുത്തറിഞ്ഞിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ കരിയറിലെ ആദ്യകാല ചിത്രങ്ങളിലൊന്നിന്റെ സെറ്റില്‍ നിന്നുള്ള ഒരു അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുകയാണ്. മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനൊപ്പം നില്ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. ‘‘1982ൽ പുറത്തിറങ്ങിയ ശ്രീ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘കേൾക്കാത്ത ശബ്ദം’ എന്ന ചിത്രത്തിൽ ബാബുവായി ലാലേട്ടനും രവിക്കുട്ടനായി ഞാനും...’’ എന്ന ക്യാപ്ഷനും നല്കി മോഹന്‍ലാലിനെയും ടാഗ് ചെയ്താണ് താരം പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രമാണിത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ബാബുവെന്നും ബൈജുവിന്റെ കഥാപാത്രത്തിന്റെ പേര് രവിക്കുട്ടന് എന്നുമായിരുന്നു.
ബൈജു ചിത്രം പങ്കിട്ടതിന് പിന്നാലെ ആരാധകരടക്കം പലരും കമന്റുകളിടുന്നുണ്ട്. വലിയ പ്രതികരമാണ് താരത്തിന്റെ പോസ്റ്റിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ‘മധുരമുളള ഓര്‍മ്മകള്‍, അന്നും ഇന്നും ആ ഡയലോഗ് ഡെലിവറിയും തഗ്ഗും ഒരുപോലെ തന്നെ ഒരേ പൊളി, ഇപ്പോളും ഇതേ പോലെ ഏട്ടന്റെ വലംകൈ ആയി ഉണ്ടല്ലോ...’ എന്നതടക്കമാണ് കമന്റുകള്‍.
കേള്‍ക്കാത്ത ശബ്ദം പുറത്തിറങ്ങിയതിന് തൊട്ടു മുന്‍പത്തെ വര്‍ഷവും മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ബാലചന്ദ്രമേനോന് ചിത്രത്തില്‍ ബൈജു അഭിനയിച്ചിരുന്നു. അന്നുമുതല്‍ കരിയറില്‍ ഉടനീളം മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളിലാണ് ബൈജു അഭിനയിച്ചിണ്ട്. ലൂസിഫര്‍ ആയിരുന്നു മോഹന്‍ലാലിനൊപ്പം ബൈജു അവതരിപ്പിച്ച ഒരു ശ്രദ്ധേയ കഥാപാത്രം.






