
ബംഗലുരു: രണ്ടു വര്‍ഷത്തെ ശത്രുത അവസാനിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാഗാന്ധിയുടേയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടേയും കൂടിക്കാഴ്ച. ബംഗലുരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തിങ്കളാഴ്ചയായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. 2021 ജൂലൈയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതാ നേതാക്കളുടെ കൂടിക്കാഴ്ച.
ഡല്‍ഹിയിലെയും പശ്ചിമബംഗാളിലെയും ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവന ഇരുവരേയും തമ്മില്‍ അകറ്റിയിരുന്നെങ്കിലും അതൊന്നും കൂടിക്കാഴ്ചയില്‍ പ്രതിഫലിച്ചില്ല. മമതാബാനര്‍ജി ഏകാധിപതിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ഗുണ്ടായിസം ആണെന്നും പശ്ചിമബംഗാളിലെ ബെഹ്റാംപൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്സഭാ എംപി അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ മമതാബാനര്‍ജിയ്ക്ക് അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ സമ്മേളനവേദിയില്‍ വൈകിട്ട് ആറു മണിയോടെ എത്തിയ ഇരുവരും യോഗം തുടങ്ങുംമുമ്പ് ഒന്നര മണിക്കൂറാണ് പരസ്പരം സംസാരിച്ചത്.
രണ്ടുപേരും പരസ്പരം ശാരീരിക ക്ഷമതയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കാല്‍മുട്ട് സര്‍ജറിയ്ക്ക് ശേഷം വിശ്രമിക്കുകയാണ് മമതാബാനര്‍ജി. സോണിയയും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലാണ്. രണ്ടുപേരും വേദിയില്‍ ഇരുന്നതും അടുത്തടുത്തായിട്ടായിരുന്നു. തങ്ങളുടെ പാര്‍ട്ടികള്‍ ബിജെപിയ്ക്ക് എതിരേ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുകയും ചെയ്തു. ശസ്ത്രക്രിയയെ തുടര്‍ന്ന് മീറ്റിംഗിന് ശേഷമുള്ള വിരുന്നില്‍ മമത പങ്കെടുക്കില്ല എന്നാണ് കരുതിയത്. എന്നാല്‍ വിരുന്നില്‍ ആഹാരം കഴിച്ചില്ലെങ്കിലും അതിന് ശേഷം നടന്ന ചര്‍ച്ചകളിലും പങ്കാളിയായി.
അതേസമയം ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലുമായി ഒരുമിച്ചു പോകാന്‍ കഴിയില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിങ്കളാഴ്ച നടത്തിയ പ്രസ്താവന വിവാദമായിട്ടുണ്ട്. യെച്ചൂരിയുടെ ഈ കമന്റില്‍ മമത അതൃപ്തിയിലാണ് എന്നാണ് സൂചനകള്‍. ടിഎംസി നേതാവ് വേദി വിട്ട ശേഷം തൃണമൂല്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പാര്‍ട്ടിയുടെ ദേശീയ വക്താവ് ഡെറെക് ഒ ബ്രയാനുമാണ് ഡിന്നറില്‍ പങ്കെടുത്തത്.
പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസും തൃണമൂലും ആയിരിക്കും സുപ്രധാന നേതൃത്വം വഹിക്കുക. ജൂണ്‍ 23 ന് പാറ്റ്നയില്‍ നടന്ന ആദ്യ യോഗത്തില്‍ സോണിയാഗാന്ധി പങ്കെടുത്തിരുന്നില്ല. ഇന്ന് ബംഗലുരുവിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തേയും അവസാനത്തേയും യോഗം. ബിജെപിയ്ക്ക് എതിരേ സമാന മനോഭാവമുള്ള 26 പാര്‍ട്ടികളാണ് കൈ കോര്‍ക്കുന്നത്. മറുവശത്ത് ബിജെപിയുടെ എന്‍ഡിഎ സഖ്യവും ഇന്ന് യോഗം ചേരുന്നുണ്ട്. ഡല്‍ഹിയില്‍ 38 പാര്‍ട്ടികള്‍ പങ്കെടുക്കുന്നുണ്ട്.
