
പുതിയതായി എഐ പവര്‍ ഫീച്ചര്‍ അവതരിപ്പിച്ച് ട്രൂകോളര്‍ രംഗത്ത്. അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകള്‍ ഒഴിവാക്കാന്‍ കോളര്‍മാരെ സഹായിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. നിലവില്‍ ട്രൂകോളര്‍ അസിസ്റ്റന്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും അനാവശ്യ കോളര്‍മാരെ ഒഴിവാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്ററന്റ്.
നിലവില്‍ ട്രൂകോളര്‍ അസിസ്റ്റന്റ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 14 ദിവസത്തെ സൗജന്യ ട്രയലില്‍ ലഭ്യമാണ്. ട്രയല്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 149 രൂപ മുതല്‍ ട്രൂകോളര്‍ പ്രീമിയം അസിസ്റ്റന്റ് പ്ലാനിന്റെ ഭാഗമായി അസിസ്റ്റന്റിനെ ആഡ് ചെയ്യാന്‍ കഴിയും. നിലവില്‍ 99 രൂപയ്ക്കും പരിമിതമായ പ്രൊമോഷണല്‍ ഡീലിന്റെ ഭാഗമായി പ്ലാന്‍ ലഭ്യമാണ്. ട്രൂകോളര്‍ അസിസ്റ്റന്‍സ് തുടക്കത്തില്‍ ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ.
ഇന്‍കമിംഗ് കോളുകളോട് പുതിയ എഐ ഫീച്ചറിന് പെട്ടെന്ന് പ്രതികരിക്കാനും കോളറുടെ സംഭാഷണത്തിന്റെ തത്സമയ ട്രാന്‍സ്ക്രിപ്ഷനുകള്‍ നല്‍കാനും കഴിയുമെന്ന് ട്രൂകോളര്‍ അറിയിച്ചു. കോളറെ തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും ഉപയോക്താക്കളെ ഇത് സഹായിക്കും . ഈ വിവരങ്ങളെ അടിസ്ഥാനമാക്കി, ഉപയോക്താക്കള്‍ക്ക് കോള്‍ എടുക്കണോ, അധിക വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കണോ അല്ലെങ്കില്‍ അത് സ്പാം ആയി അടയാളപ്പെടുത്തണോ എന്നത് തീരുമാനിക്കാനാകും. ഇതുവരെ വിളിക്കുന്ന ആളുടെ പേര് കാണിച്ചിരുന്ന ട്രൂകോളര്‍ ഇനി മുതല്‍ വിളിക്കുന്നയാളുമായി നമുക്ക് വേണ്ടി സംസാരിക്കാന്‍ അസിസ്റ്റന്റിനെ ഏര്‍പ്പെടുത്തുമെന്നാണ് കമ്പനി വക്താവ് പറയുന്നത്.






