
യാത്രകള്‍ ചെയ്ത് അതില്‍ നിന്നും വരുമാനം കണ്ടെത്തുന്നവരെ വിശേഷിപ്പിക്കുന്ന പേരാണ് 'ഗ്ലോബ്ട്രോട്ടര്‍'. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലോബ്ട്രോട്ടര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജയാണ് അദിതി ത്രിപാഠി. 10 വയസ്സുകാരിയായ അദിതി ഇതിനോടകം 50 ല്‍ പരം രാജ്യങ്ങളാണ് സന്ദര്‍ശിച്ചിട്ടുളളത്.
അദിതി ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ കുടുംബത്തിലെ അംഗമാണ് . അമ്മയായ ദീപക്കും അച്ഛനായ അവിലാഷയും കുട്ടി ജനിച്ചപ്പോള്‍ യാത്രകള്‍ ചെയ്യണമെന്ന തീരുമാനമെടുത്തു. ഇരുവരും ഇത്തരം യാത്രകള്‍ മകളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനാല്‍ തന്നെ സ്കൂള്‍ അവധികള്‍, ബാങ്ക് അവധികള്‍, മറ്റ് അവധി ദിവസങ്ങള്‍ എന്നിവയാണ് ഇവര്‍ യാത്രകള്‍ക്കായി തെരഞ്ഞെടുത്തത്. ഒരോ വര്‍ഷവും മാതാപിതാക്കള്‍ മകളുമൊത്തുള്ള ലോക സഞ്ചാരത്തിന് ഏതാണ്ട് 21 ലക്ഷം രൂപവരെ ചെലവഴിച്ചു. ഇതിനായി മറ്റ് അനാവശ്യ ചെലവുകള്‍ അവര്‍ ഒഴിവാക്കി. സ്വന്തമായി ഒരു വാഹനം അവര്‍ വാങ്ങിയില്ല. ഭക്ഷണം കഴിയുന്നതും വീട്ടില്‍ നിന്ന് മാത്രം. ഇതെല്ലാം മകളെ ലോക സംസ്കാരങ്ങള്‍ കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
''അവള്‍ക്ക് മൂന്ന് വയസ്സുള്ളപ്പോള്‍, നഴ്സറി സ്കൂളിലായിരുന്നപ്പോഴാണ് ഞങ്ങള്‍ അവളോടൊപ്പം ആദ്യമായി യാത്ര ചെയ്യാന്‍ തുടങ്ങിയത്. അക്കാലത്ത് ആഴ്ചയില്‍ രണ്ടര ദിവസം അവള് സ്കൂളില്‍ പോയി. ഇപ്പോള്‍, വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ അവളുടെ സ്കൂള്‍ സമയം കഴിഞ്ഞയുടന്‍ ഞങ്ങള്‍ യാത്ര പോകുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ തിരിച്ചെത്തും. ചിലപ്പോള്‍ തിങ്കളാഴ്ച രാവിലെ. അത്തരം സന്ദര്‍ഭങ്ങളില്‍ അവള് എയര്‍പോട്ടില്‍ നിന്ന് നേരിട്ട് സ്കൂളിലേക്ക് പോകും. യാത്രകള്‍ അവള്‍ക്ക് ആത്മവിശ്വാസവും ഒപ്പം ലോകമെങ്ങും കൂടുതല്‍ സുഹൃത്തുക്കളെയും നല്കി.' ദീപക് പറഞ്ഞതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെ ഏറ്റവും ഉയരമുള്ള മൂന്ന് പര്‍വതങ്ങളായ ബെന്‍ നെവിസ്, സ്കാഫെല്‍ പൈക്ക്, സ്നോഡണ്‍ എന്നിവയും അദിതി സന്ദര്‍ശിച്ചിട്ടുണ്ട്.






