
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ചതിനു കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്റെ മക്കളെക്കൊണ്ട് ഡ്രൈവറും കണ്ടക്ടറും ബസ് കഴുകിച്ചെന്ന് ആക്ഷേപം. തിരുവനന്തപുരം വെള്ളറടയില്‍ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചതായും ആരോപണമുണ്ട്.
വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105 ാം നമ്പര്‍ ചെമ്പൂര് വെള്ളറട ബസിലാണു പെണ്‍കുട്ടി ഛര്‍ദിച്ചത്. വെള്ളറട ഡിപ്പോയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ പെണ്‍കുട്ടികളോടു 'വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി' എന്നു പറയുകയായിരുന്നു.
തുടര്‍ന്നു സമീപത്തെ വാഷ്ബെയ്സിനില്‍ നിന്നും കപ്പില്‍ വെള്ളം പിടിച്ച് ബസിലെത്തി ഇരുവരും ചേര്‍ന്നു ബസ് കഴുകി വൃത്തിയാക്കി. തുടര്‍ന്നാണ് ഇവരെ പോകാന്‍ അനുവദിച്ചത്. കെഎസ്ആര്‍ടിസിയില്‍ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കളാണിവര്‍. അതേസമയം ബസ് വൃത്തിയാക്കാന്‍ പ്രത്യേകം ജീവനക്കാര്‍ ഉള്ളപ്പോള്‍ ജീവനക്കാര്‍ ചെയ്ത നടപടി വിമര്‍ശനത്തിന് കാരണമായി മാറിയിട്ടുണ്ട്.






