
ഇന്നത്തെ കാലത്ത് പ്രായം കൂടുന്തോറും എങ്ങനെ ചെറുപ്പം നിലനിര്‍ത്താം എന്നാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ മറ്റ് ചിലര്‍ ആകട്ടെ സ്വന്തം ആരോഗ്യത്തില്‍ യാതൊരുവിധ ശ്രദ്ധയും ചെലുത്താറില്ല. ഇങ്ങനെയുള്ളവര്‍ ആരോഗ്യകാര്യത്തില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് അലംഭാവം കാണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരക്കാര്‍ ജിം ആറിംഗ്ടണ്‍ എന്ന ഈ വ്യക്തിയെ അറിയണം. പ്രായം 90 ആയെങ്കിലും 30 കാരന്റെ ചുറുചുറുക്കോടെയാണ് ഈ മനുഷ്യന് എല്ലാ ദിവസവും ജിമ്മില്‍ പോവുകയും വ്യായാമങ്ങള്‍ കൃത്യമായി ചെയ്യുകയും തന്റെ ശരീരം സംരക്ഷിക്കുകയും ചെയ്യുന്നത്. യുവതലമുറയും പ്രായമയാവരും മാതൃകയാക്കേണ്ട് വ്യക്തിത്വം തന്നെയാണ് ഇദ്ദേഹം.
2015 -ല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബില്‍ഡര്‍ എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ താരമാണ് ജിം ആറിംഗ്ടണ്‍. ഇപ്പോഴിതാ 90 വയസ്സും 38 ദിവസവും പ്രായമുള്ളപ്പോള്‍ അദ്ദേഹം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. നെവിലെ റെനോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്നസ് പ്രൊഫഷണല്‍ ലീഗ് ഇവന്റില്‍ പങ്കെടുത്ത് ജിം ആറിംഗ്ടണ്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. 70 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും 80 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവുമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് നല്കിയ അഭിമുഖത്തില്‍ ജിം ആറിംഗ്ടണ്‍ തന്റെ ജീവിതത്തിലെ അവിശ്വസനീയമായ യാത്രയെക്കുറിച്ച് പങ്കുവെച്ചു. ജനിക്കുമ്പോള്‍ വെറും രണ്ടര കിലോ മാത്രമായിരുന്നു തന്റെ ഭാരം എന്നും അദ്ദേഹം പറഞ്ഞു. ബാല്യകാലം മുഴുവന്‍ ആസ്ത്മ മറ്റ് പലവിധ രോഗങ്ങളാലും താന്‍ വലഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. പിന്നീട് പതിനഞ്ചാം വയസു മുതല്‍ താന്‍ ബോഡി ബില്‍ഡിങ് ശ്രദ്ധിച്ചു തുടങ്ങിയെന്നും ഇന്നും അത് തുടരുന്നു എന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഫിറ്റ്നസിനും ആരോഗ്യത്തിനും വേണ്ടിയുള്ള ജിമ്മിന്റെ സമര്‍പ്പണം എല്ലാവരെയും അതിശയിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.






