
സംസ്ഥാന പുരസ്കാരത്തിന്റെ തിളക്കത്തിലാണ് മലയാളത്തിലെ മിക്ക അഭിനേതാക്കളും. 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടന് മമ്മൂട്ടിയും, നടി വിന്‍സി അലോഷ്യസുമാണ്. അവര്‍ക്കൊപ്പം വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള (പെണ്) പുരസ്കാരം നേടിയത് തന്മയ സോള്‍ ആണ്. സനല്‍ കുമാര്‍ ശശിധരന് സംവിധാനത്തിലെത്തിയ വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. പുരസ്കാര പ്രഖ്യാപനം നടക്കുമ്പോള്‍ തന്മയ വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്കൂളില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ കാത്തുനില്ക്കുന്ന പ്രിയപ്പെട്ടവരാണ് അവാര്‍ഡ് നേട്ടത്തിന്റെ വിവരം ആദ്യമായി തന്മയയോട് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. വഴിയില്‍ തന്മയയെ കാത്ത് കാറില്‍ ഇരിക്കുന്നവര്‍ കാര്യം അറിഞ്ഞോ എന്ന് ചോദിക്കുന്നത് വീഡിയോയിലുണ്ട്. തുടര്‍ന്ന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു എന്നും അവര്‍ പറയുന്നു. ആദ്യം പറ്റിക്കാന്‍ പറയുകയാണെന്നാണ് തന്മയ കരുതുന്നതെങ്കിലും ഫോണിലെ വാര്‍ത്ത കണ്ട് വിശ്വസിക്കുകയാണ് കുട്ടി താരം. എല്ലാം അറിഞ്ഞതിനു ശേഷമുള്ള തന്മയയുടെ നിഷ്കളങ്കമായ സന്തോഷവും വീഡിയോയിലുണ്ട്.
സോള്‍ബ്രദേഴ്സ് ഉടമയും ഫോട്ടോഗ്രാഫറുമായ അരുണ്‍ സോളിന്റെ മകളാണ് തന്മയ സോള്‍. തന്മയയ്ക്ക് പുരസ്കാരം ലഭിച്ച, സനല്‍കുമാര്‍ ശശിധരന് ചിത്രം വഴക്കിന്റെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു അരുണ്‍. സിനിമയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സോള്‍ബ്രദേഴ്സ് എന്ന വീഡിയോഗ്രഫി സ്ഥാപനത്തിന്റെ മാനേജരുമായ ജിഷ്ണു വിജയന് ആണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.






