
ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ ട്രക്കില്‍ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപയുടെ 50 ചാക്ക് ഇഞ്ചി മോഷണം പോയി. ഇഞ്ചി ചാക്കുകള്‍ കപ്തംഗഞ്ച് എന്‍എച്ച് 28 -ല്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ നിന്നാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
ബസ്തിയിലെ ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ നിന്നാണ് 50 ചാക്ക് ഇഞ്ചി മോഷ്ടിക്കപ്പെട്ടത്. മോഷണം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് പോലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ മോഷണം നടന്നത് ഇവിടുത്തെ സുരക്ഷാ നടപടികളെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കിയിട്ടുണ്ട്.
ഇഞ്ചി ലോഡുമായി പശ്ചിമ ബംഗാളില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ട്രക്കിലാണ് മോഷണം നടന്നത്. ട്രക്ക് ഡ്രൈവര്‍ ഹൈവേയില്‍ വണ്ടി നിര്‍ത്തി കപ്ടന്ഗഞ്ചിലെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്. വിപണിയില്‍ ഇഞ്ചി വില കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. ഇതാകാം ഒരു പക്ഷേ മോഷ്ടാക്കളെ പ്രേരിപ്പിച്ച ഘടകമെന്ന് പോലീസ് കരുതുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






