
ആദ്യ സൈബര്‍ട്രക് പുറത്തിറക്കി ടെസ്ല. ടെക്സസിലെ ജിഗ ഫാക്ടറിയില്‍ നിന്നാണ് ആദ്യ സൈബര്‍ട്രക് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സെപ്റ്റംബറോടെ പൂര്‍ണ ശേഷിയില്‍ സൈബര്‍ട്രക്ക് ഉത്പാദനം ആരംഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മറ്റൊരു വൈദ്യുത വാഹനം ട്രക്കില്‍ നിന്ന് ചാര്‍ജ് ചെയ്യാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. 2023ലെ ടെസ്ലയുടെ ഇന്‍വെസ്റ്റര്‍ ഡേയിലാണ് ആദ്യമായി ബൈ ഡയറക്ഷണല്‍ ചാര്‍ജിങ് സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചത്. വേണ്ടി വന്നാല്‍ ഒരു ടെസ്ല കാര്‍ ചാര്‍ജ് ചെയ്യാനുളള ശേഷി ഈ ട്രക്കിനുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ടെസ്ല സൈബര്‍ട്രക്കിന്റെ ക്യാബിനില്‍ 17 ഇഞ്ച് ടച്ച്സ്ക്രീന്‍ സംവിധാനവും അത് പോലെ തന്നെ പുതിയ യൂസര്‍ ഇന്റര്‍ഫേസും ഒപ്പം ആറ് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സ്ഥലവുമുണ്ട്. വെറും 2.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ തങ്ങളുടെ ഇലക്ട്രിക് പിക്ക്-അപ്പിന് കഴിയുമെന്നും ഒറ്റ ചാര്‍ജില്‍ 800 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്ല അവകാശപ്പെടുന്നത്. ടെസ്ല സൈബര്‍ട്രക്ക് റിസര്‍വേഷന്‍ ട്രാക്കറിന്റെ കണക്കനുസരിച്ച്, 48 ശതമാനം ബുക്കിംഗുകള്‍ മിഡ് ലെവല്‍ ഡ്യുവല്‍ മോട്ടോര്‍ ട്രിമ്മിനും 44.5 ശതമാനം ട്രൈ-മോട്ടോര്‍ വേരിയന്റിനും ബാക്കി 7.5 ശതമാനം എന്‍ട്രി ലെവല്‍ സിംഗിള്‍-മോട്ടോര്‍ മോഡലിനുമാണ്. മാത്രമല്ല ഇതില്‍, 74.3 ശതമാനം റിസര്‍വേഷനുകളില്‍ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.






