
മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദേവനന്ദ. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശിശങ്കറായിരുന്നു. ഇപ്പോഴിതാ ദേവനന്ദയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. തന്റെ അടുത്ത ചിത്രത്തിൽ പുതിയൊരു കഥാപാത്രമാണ് ദേവനന്ദയ്ക്കു വേണ്ടി അഭിലാഷ് കാത്തുവച്ചിരിക്കുന്നത്. ‘‘ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു’’ എന്നാണ് അഭിലാഷ് പിള്ള സോഷ്യൽമീഡിയയിൽ കുറിച്ചത്.
‘നീ എനിക്ക് ഒരത്ഭുതമാണ്... പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം. ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നിൽ നിന്ന് കാണാനൊരു ആഗ്രഹം... ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു...എന്റെ കല്ലുവിന് ഒരായിരം പിറന്നാൾ ആശംസകൾ’–അഭിലാഷ് പിള്ള കുറിച്ചു.
തൊട്ടപ്പൻ, മൈ സാന്റ എന്നീ സിനിമകളിലൂടെയാണ് ദേവനന്ദ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മിന്നൽ മുരളി, പ്രകാശൻ പറക്കട്ടെ, ഹെവൻ, 2018 തുടങ്ങി നിരവധി ചിത്രത്തിൽ ഈ പത്തുവയസ്സുകാരി അഭിനയിച്ചു കഴിഞ്ഞു.






