
ശീതയുദ്ധത്തിന്റെ അസ്വസ്ഥതകള്ക്കിടിയില് സൈനിക സേവനം ചെയ്യേണ്ടിവന്ന ഒരു ഇലക്ട്രീഷ്യന് 66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ 80 -ാം പിറന്നാളിന് കുടുംബത്തോട് ഒരു സൈനിക രഹസ്യം പങ്കുവച്ചു. 1957 ന് ശേഷം ആദ്യമായി ഗ്വേർൺസി ദ്വീപിലേക്ക് തിരിച്ചു വന്ന കീത്ത് ടോസ്റ്റെവിൻ (80) ആണ് തന്റെ കുടുംബത്തോട് രഹസ്യം വെളിപ്പെടുത്തിയത്.
കീത്ത് ടോസ്റ്റീവിന് 14 വയസ്സുള്ളപ്പോളാണ് അദ്ദേഹത്തിനുള്ള ആദ്യ സൈനിക നിര്‍ദ്ദേശം ലഭിക്കുന്നത്. 1957-ൽ അത് ഗ്വേർൺസി ദ്വീപിലെ മുന്‍ ജർമ്മൻ ബങ്കറിൽ വൈദ്യുതി സ്ഥാപിക്കാനായിരുന്നു. മേലുദ്യോഗസ്ഥന് അദ്ദേഹത്തോട് ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിക്കാനും ആവശ്യപ്പെട്ടു. ശീതയുദ്ധകാലത്ത് അണുബോംബ് ആക്രമണമുണ്ടായാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അഭയകേന്ദ്രമായി മാറാൻ ബങ്കറുകള്‍ തയ്യാറാകുന്നുവെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താനും അതിന്റെ ഭാഗമായിരുന്നെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. മാത്രമല്ല, കഴിഞ്ഞ 66 വര്‍ഷക്കാലത്തിനിടെ തന്നെ ഏല്‍പ്പിച്ച ജോലിയെ കുറിച്ച് കീത്ത് ഒരിക്കല്‍ പോലും പുറത്ത് പറഞ്ഞില്ല, 'രഹസ്യ പദ്ധതിക്ക് കാരണമൊന്നും ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിരുന്നില്ല. മാത്രമല്ല, തന്റെ ജോലിയുടെ ഉദ്ദേശമെന്താണെന്ന് പോലും ഇപ്പോഴും എനിക്ക് ഉറപ്പില്ല. എനിക്ക് കിട്ടിയത് വളരെ വർഷങ്ങൾക്ക് ശേഷം ആരോ എന്നോട് സംസാരിച്ചതിന്റെ സൂചന മാത്രമാണ്, അണുവികരണമുണ്ടായാല്‍ ഗ്വേർൺസിലെ ഒരു മുതിർന്ന എക്സിക്യൂട്ടീവിന് താമിസിക്കാനെന്ന് മാത്രം പറഞ്ഞു. ഫ്രാൻസിൽ നിന്ന് എന്തെങ്കിലും വികിരണം ഉണ്ടായാല്‍ അറിയിക്കണമെന്നും. അത്രമാത്രം.' അദ്ദേഹം പറയുന്നു.
66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ഏല്‍പ്പിച്ച ആ രഹസ്യത്തെ കുറിച്ച് വ്യക്തമാക്കാന്‍ അദ്ദേഹം കുടുംബത്തോടൊപ്പം ഗ്വേർൺസി ദ്വീപിലെത്തി. ഈ ബങ്കർ 1980 -കൾ മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍, 80 -ാം പിറന്നാളിന് കീത്ത് ടോസ്റ്റെവിന് ബങ്കര്‍ സന്ദര്‍ശിക്കാന്‍ ഇപ്പോഴത്തെ സൂക്ഷിപ്പുകാരായ ഫെസ്റ്റംഗ് ഗ്വേർൺസി അനുമതി നല്‍കുകയായിരുന്നു.






